Flash News

മലേഗാവ് സ്‌ഫോടനക്കേസ് : എന്‍ഐഎക്കും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നോട്ടീസ്‌



ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സംഘപരിവാര പ്രവര്‍ത്തകന്‍ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍ഐഎ) മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസയച്ചു. ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണു നടപടി. പുരോഹിതിന്റെ ആവശ്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുരോഹിതിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കോടതിയില്‍ ഹാജരായത്. സൈന്യത്തിലെ കഴിവുള്ള ഓഫിസറായിരുന്നു പുരോഹിതെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. സൈനികസേവനത്തിന്റെ ഭാഗമായുള്ള പ്രവൃത്തി മാത്രമേ പുരോഹിത് ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹരജി പിന്നീട് പരിഗണിക്കും. തന്റെ ജാമ്യഹരജി നിരസിച്ച ബോംബെ ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്താണ് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ടു പുരോഹിത് സമര്‍പ്പിച്ച ഹരജിയാണ് കോടതി കഴിഞ്ഞമാസം 28നു തള്ളിയത്. കേസില്‍ പുരോഹിതിന്റെ കൂട്ടുപ്രതിയായ സാധ്വി പ്രജ്ഞ്യാസിങ് ഠാക്കൂറിന് കഴിഞ്ഞമാസം 25ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പുരോഹിതിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതെന്നു നിരീക്ഷിച്ചാണ് അദ്ദേഹത്തിന്റെ ജാമ്യം നിരസിച്ചത്. മലേഗാവ് സ്‌ഫോടനം ആസൂത്രണംചെയ്ത് നടപ്പാക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് പുരോഹിതെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it