malappuram local

മലിനജലവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

പൊന്നാനി:കുറ്റിപ്പുറത്ത് നിന്നും ശുദ്ധീകരിച്ച മണലിന്റെ അവശിഷ്ടങ്ങളും, മലിന ജലവും നിക്ഷേപിക്കുന്നത് പൊന്നാനിയിലെ മണലെടുപ്പ് കേന്ദ്രത്തില്‍. മലിനജലവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.
പൊന്നാനി തുറമുഖ മണലെടുപ്പിന്റെ ഭാഗമായി കുറ്റിപ്പുറത്തെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നുമുള്ള മലിന ജലമാണ് ലോറികളില്‍ നിറച്ച് മണലെടുക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് കളയുന്നത്. മണലെടുപ്പ് ആരംഭിച്ചത് മുതല്‍ തുടങ്ങിയ ഈ പ്രവൃത്തിക്കെതിരേ നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും, കമ്പനി അധികൃതര്‍ ഇത് ചെവിക്കൊള്ളാതായതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ച് ലോറി തടഞ്ഞത്. മണല്‍ ശുദ്ധീകരിച്ച ശേഷം ബാക്കി വരുന്ന ഉപ്പിന്റെ അംശം കൂടിയ മലിനജലമാണ് പ്രദേശത്തെ ശുദ്ധജലത്തിന് പോലും ഭീഷണിയാവുന്ന തരത്തില്‍ മണലെടുപ്പ് സ്ഥലത്ത് കൊണ്ടുവന്ന് ഒഴുക്കി കളയുന്നത്. ഓരോ ദിവസവും, ഇത്തരത്തില്‍ നിരവധി ലോഡ് മലിനജലം കളയുന്നതിനാല്‍ തൊട്ടടുത്ത വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഉച്ചയോടെ വെള്ളം ഒഴുക്കിവിടാനായി എത്തിയ രണ്ടു ലോറികളാണ് വാര്‍ഡ് കൗണ്‍സിലര്‍ പറമ്പില്‍ അത്തീഖിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്.മണല്‍ ശുദ്ധീകരണ പ്ലാന്റില്‍ തന്നെ അഴുക്കു ജലം സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കണമെന്ന നിര്‍ദേശം ലംഘിച്ചാണ് പൊതുസ്ഥലത്ത് ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ വെള്ളം ഒഴുക്കിയത്.നേരത്തെ ലോറിയില്‍ വെള്ളം എത്തിക്കുമ്പോള്‍ തന്നെ ജലം റോഡില്‍ ഒഴുക്കിവിടുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു ഉപ്പിന്റെ അംശം കൂടുതലായതിനാല്‍ ഈ ജലം റോഡില്‍ ഒഴുക്കിവിട്ടാല്‍ റോഡ് തകരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
എന്നാല്‍, മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുന്നത് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ ഇതിനെതിരേ രംഗത്തെത്തിയത്. പോര്‍ട്ട് ഓഫിസറുടെ അനുമതിയോടെയാണ് മലിനജലം പൊതുസ്ഥലത്ത് ഒഴുക്കുന്നതെന്നായിരുന്നു ലോറി ഡ്രൈവര്‍ അറിയിച്ചത്. എന്നാല്‍ ഇത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്ന് പോര്‍ട്ട് ഓഫിസര്‍ നാട്ടുകാരെ അറിയിച്ചു.ഏറെ നേരം ലോറികള്‍ തടഞ്ഞിടുകയും, ഒടുവില്‍ പോലിസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഉപ്പിന്റെ അംശം കൂടുതലുള്ള മലിന ജലമായതിനാല്‍ ഉറവിടത്തിലേക്ക് തന്നെ വെള്ളം ഒഴുക്കിവിടാനാണ് ധാരണയെന്നും, പുഴയിലേക്ക് ഒഴുക്കി വിടേണ്ടതിന് പകരം പൊതുസ്ഥലത്ത് വെള്ളം ഒഴുക്കിയത് പരിശോധിക്കുമെന്നും, കമ്പനി ഉടമ പറഞ്ഞു.
Next Story

RELATED STORIES

Share it