Kollam Local

മലിനജലം വീടുകളില്‍ കയറി : കെഎംഎംഎല്ലിലേക്കുള്ള ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു



ചവറ: കെഎംഎംഎല്ലില്‍ നിന്നും ടി എസ് കനാലിലേക്ക് പോകുന്ന ഓടയില്‍ നിന്നും മലിനജലം വീടുകളിലേക്ക് കയറിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കമ്പനിയിലേക്കുള്ള ലോറികള്‍ തടഞ്ഞിട്ടു. പന്മന മേക്കാട് വാര്‍ഡിലാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം ഓടവഴി ഒഴുകി പ്രദേശമാകെ വ്യാപിച്ചത്. കമ്പനിയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം കമ്പനിക്കുള്ളിലെ ഓടയിലൂടെയാണ് മേക്കാട് വഴി ടിഎസ് കനാലില്‍ എത്തുന്നത്. കമ്പനിയില്‍ നിന്നുള്ള ആസിഡ് കലര്‍ന്ന വെള്ളവും ഇതുവഴിയാണ് വരുന്നത്. ഓട മുഴുവന്‍ കാടുവളര്‍ന്ന് ഒഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്നാണ് മേക്കാട് ഭാഗത്ത് നിന്നുള്ള ഓടയിലുടെ വെള്ളം നിറഞ്ഞ് പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറിയത്. റോഡിലും പുരയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് നാട്ടുകാര്‍ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ലോറികള്‍ തടഞ്ഞിട്ടത്. മഴക്കാലത്തിന് മുമ്പ് ജലം ഒഴുകുന്ന വലിയ ഓട വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് രേഖാമുലം അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് മലിനജലം ജനവാസ മേഖലയിലേക്ക് എത്താന്‍ കാരണമായതെന്ന് പഞ്ചായത്തംഗം അനില്‍ പുത്തേഴം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത് സമാന സംഭവമുണ്ടായിരുന്നു. പരിസരവാസികള്‍ക്ക് ദുരിതം വിതക്കുന്ന ഓട വൃത്തിയാക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. വീടുകളും റോഡും വെള്ളക്കെട്ടായതോടെ പരിഹാരം കാണാതെ വാഹനം വിടില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. സംഭവമറിഞ്ഞ് ചവറ സിഐ ഗോപകുമാര്‍, കെഎംഎംഎല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. മോട്ടോര്‍ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യാമെന്നും ഓട വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Next Story

RELATED STORIES

Share it