kozhikode local

മലയോരത്തെ നാളികേര കര്‍ഷകര്‍ ആശങ്കയില്‍

കുറ്റിയാടി: കിഴക്കന്‍ മലയോര മേഖലയില്‍ അപൂര്‍വയിനം രോഗം ബാധിച്ച് ഏക്കറിലധികം സുഗന്ധവിളകള്‍ നശിച്ചതിനു പുറമെ കര്‍ഷകര്‍ക്ക് ദുരിതമായി കൂമ്പുചീയല്‍ രോഗവും. മലയോരത്തെ ആയിരത്തിലധികം തെങ്ങുകളാണ് കൂമ്പു ചീയല്‍ രോഗം ബാധിച്ച് നശിക്കുന്നത്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായത്. ഇതോടെ നാളീകേര ഉല്‍പാദനത്തിന് കാര്യമായ ക്ഷീണം സംഭവിച്ചിരിക്കുകയാണ്. കുരുത്തോലകളുടെ ചുറ്റും മഞ്ഞനിറം രൂപപ്പെടുകയും ക്രമേണ കൂമ്പ് പൂര്‍ണമായും അഴുകി തെങ്ങുകള്‍ ഉണങ്ങും. ഫൈറ്റേ ഫ്‌തോറ എന്ന ഒരു തരം കുമിളകളാണ് രോഗകാരണമെന്ന് കരുതുന്നു. രോഗവ്യാപനം തടയാന്‍, ബാധിച്ച തെങ്ങുകള്‍ വെട്ടിനശിപ്പിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഒരു തെങ്ങ് മുറിച്ചു മാറ്റണമെങ്കില്‍ രണ്ടായിരം രൂപയോളം ചെലവു വരുമെന്നാണ് കര്‍ഷകരുടെ പരാതി. മുമ്പ് രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ 500 രൂപ വീതം നല്‍കിയിരുന്നു. ഇപ്പോള്‍ അതും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തൊഴിലാളികളെ കിട്ടാത്തതും പ്രയാസമായിരിക്കുന്നു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മേഖലയില്‍ പ്രതിരോധ നടപടികള്‍ക്ക് തുടക്കമിട്ടെങ്കിലും എങ്ങും എത്താത്ത അവസ്ഥയിലാണ്. വിത്ത് സംഭരണം നടത്തേണ്ട കാലത്ത് നാളീകേരത്തിന് ബാധിച്ച രോഗം കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്..

Next Story

RELATED STORIES

Share it