മലയാളി യുവതിക്കും മകനും ഭര്‍തൃബന്ധുക്കളുടെ മര്‍ദനം

ന്യൂഡല്‍ഹി: ന്യൂഫ്രണ്ട്‌സ് കോളനിയില്‍ ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ സമരം ചെയ്ത മലയാളി യുവതി—ക്കും മകനും ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനം. സംഭവം റിപോര്‍ട്ട് ചെയ്ത ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. കോഴിക്കോട് സ്വദേശി ഷൈനിക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷൈനി ആരോപിച്ചു.
ഷൈനി 22 വര്‍ഷം മുമ്പാണ് ദില്ലി സ്വദേശി വിജേന്ദറിനെ കല്യാണം കഴിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജേന്ദര്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടതോടെ ഷൈനിയും ഏകമകനും വഴിയാധാരമായി. ഭര്‍ത്താവിന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈനിയെയും മകനെയും അംഗീകരിച്ചിരുന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിജേന്ദര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം ഷൈനി അറിഞ്ഞത് വളരെ വൈകിയാണ്.
വിജേന്ദര്‍ മരിച്ചതോടെ മകന്റെ പഠനം നിലച്ചു. കിജറാബാദിലെ വാടകവീട്ടില്‍ നിന്നും ഇറക്കിവിടുമെന്ന സാഹചര്യമുണ്ടായതോടെയാണ് ജീവനാംശം ആവശ്യപ്പെട്ട് ഷൈനിയും മകനും കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ ധര്‍ണയിരിക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഷൈനിയെയും മകനെയും ഒപ്പമുണ്ടായിരുന്ന സാമൂഹികപ്രവര്‍ത്തക ദീപ മനോജിനെയും ഭര്‍ത്തൃവീട്ടുകാര്‍ ആക്രമിച്ചത്.
ആക്രമണ വിവരമറിഞ്ഞെത്തിയ മാധ്യമങ്ങള്‍ക്ക് നേരെയും ബന്ധുക്കളും ഗുണ്ടകളും തിരിഞ്ഞു. പോലിസ് എത്തിയാണ് ആക്രമണം അവസാനിപ്പിച്ചത്. കൈയേറ്റത്തിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ പരാതിനല്‍കിയെങ്കിലും പോലിസ് ഗൗനിച്ചില്ല. ഇതേത്തുടര്‍ന്ന് ഡല്‍ഹി പോലിസ് മേധാവിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍.

Next Story

RELATED STORIES

Share it