Flash News

മലയാളി ബാലന്‍ യുഎഇയില്‍ ചെസ് ചാംപ്യന്‍



കൊച്ചി: ഏഴു വയസ്സുകാരന്‍ അലക്‌സ് ജോര്‍ജ്ജിന് യുഎഇ ദേശീയ ചെസ് കിരീടം. എട്ടു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഏഴില്‍ ഏഴ് പോയിന്റും നേടി അലക്‌സ് ചാംപ്യനായത്. വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള ചാംപ്യന്‍മാരാണ് ദേശീയ ചാപ്യന്‍ഷിപ്പില്‍ മല്‍സരിച്ചത്. കിഴക്കമ്പലം സ്വദേശിയും റഷ്യന്‍ വ്യവസായിയുമായ ജോര്‍ജ് ജേക്കബിന്റെ പുത്രനാണ് അലക്‌സ് ജോര്‍ജ്. ദുബയില്‍ റെപ്റ്റ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നിലവില്‍ അണ്ടര്‍ എട്ട് ദുബായ് ചാംപ്യനാണ് അലക്‌സ്. റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സെര്‍ഗെ കയ്‌മോവാണ് അലക്‌സിന്റെ പരിശീലകന്‍. നന്നേ ചെറുപ്പം മുതല്‍ ചെസ് കളിച്ചു തുടങ്ങിയ അലക്‌സ് സെര്‍ഗെയുടെ കീഴില്‍ ഒരു വര്‍ഷമായി പരിശീലിക്കുന്നു. യുഎഇ നാഷനല്‍ ചെസ് ഫെഡറേഷനാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഫുജൈറ അല്‍ ബുസ്താന്‍ ഹാള്‍ ആയിരുന്നു ഇക്കുറി ദേശീയ മല്‍സരത്തിന്റെ വേദി. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന കേരള അണ്ടര്‍ എട്ട് ചെസ് ചാംപ്യന്‍ഷിപ്പില്‍ അലക്‌സ് രണ്ടാമതെത്തിയിരുന്നു. റഷ്യന്‍ സ്വദേശിനി ലാലിത യെലെന്‍ നൂര്‍ ആണ് അലക്‌സിന്റെ മാതാവ്. പക്വതയാര്‍ന്ന വേഗതയും, സൂക്ഷ്മതയും, അപ്രതീക്ഷിത നീക്കങ്ങളിലുള്ള മികവുമാണ് ചെറുപ്രായക്കാരനാണെങ്കിലും അലക്‌സിന്റെ മികവ്.
Next Story

RELATED STORIES

Share it