Azhchavattam

മലയാളിയുടെ മനുഷ്യത്വം മരവിച്ചുവോ?

മലയാളിയുടെ മനുഷ്യത്വം മരവിച്ചുവോ?
X
malayali

എന്‍ പി അബ്ദുല്‍ അസീസ്   

അഫീര്‍ഖാന്‍ അസീസ്
2016മെയ് 1. അസമിലെ ദുബ്രൂഗഡില്‍ നിന്നും കന്യാകുമാരി ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങിയ  വിവേക് എക്‌സ്പ്രസില്‍ മൂന്നു സുഹൃത്തുക്കളുണ്ടായിരുന്നു. സബ്‌സാഗര്‍ നാഡിറ അഭയപുരിയിലെ വിവേക് ഗോഗോയും രൂപം ഗോഗോയും മുപ്പതുകാരനായ അവരുടെ സുഹൃത്ത് കൈലാസ് ജ്യോതി ബെഹ്‌റ എന്ന മുപ്പതുകാരനും.

നന്നായി പഠിച്ച് നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ കൈലാസ് ജ്യോതിയെ സുഹൃത്തുക്കള്‍ ഒപ്പംകൂട്ടിയത് കേരളത്തിലെവിടെയെങ്കിലും ജോലി വാങ്ങിക്കൊടുക്കാം, അങ്ങനെ അവന്റെ വീട്ടിലെ പ്രാരബ്ധങ്ങള്‍ക്കു പരിഹാരമുണ്ടാക്കാം എന്നു കരുതിയാണ്. പോരുമ്പോള്‍ കോട്ടയം ജില്ലയിലെ പൂവന്‍തുരുത്ത് എന്ന ചെറുഗ്രാമമായിരുന്നു അവരുടെ മനസ്സില്‍.

മെയ് 4ന് പുലര്‍ച്ചെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുത ട്രെയിന്‍ മെല്ലെ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ആ മൂന്നുപേരും തങ്ങളുടെ കെട്ടുകള്‍ പുറത്തെടുത്തു. സ്റ്റേഷന്‍ കവാടവും പിന്നിട്ട് പുറത്തിറങ്ങി. നേരെ പൂവന്‍തുരുത്തിലേക്കുള്ള ബസ് സ്റ്റോപ്പിലേക്കു നടന്നു. കുറച്ചു നടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ കൈലാസ് ജ്യോതിയെ കാണുന്നില്ല. സുഹൃത്തുക്കള്‍ കുറച്ചുനേരം കാത്തു. പിന്നെ എല്ലായിടവും തിരഞ്ഞു.

ഒടുവില്‍ അവനില്ലാതെ തന്നെ അവര്‍ പൂവന്‍തുരുത്തിലേക്കു തിരിച്ചു.കുറിച്ചി ചിറമുട്ടം റെയില്‍വേ ക്രോസിനു 50 മീറ്റര്‍ അകലെ വിജയന്‍പിള്ളയുടെ റേഷന്‍കട. ഉച്ചയ്ക്ക് പതിനൊന്നര ആയിക്കാണും. കട തുറന്നിട്ടശേഷം അദ്ദേഹം കടയോടു ചേര്‍ന്നുള്ള പലചരക്കു-പച്ചക്കറി കടയിലേക്കു സാധനങ്ങള്‍ എടുക്കാനായി മാര്‍ക്കറ്റിലേക്കു പോവുന്നു. കടയില്‍ ഭാര്യ ഇരിപ്പുണ്ട്. 'ഒന്നുനോക്കിക്കോണെ' എന്നു പറഞ്ഞിട്ടാണ് പോയത്.

10 മിനിറ്റായിക്കാണും. ആരോ ഒരാള്‍ റേഷന്‍കടയില്‍ മിന്നല്‍പോലെ ഓടിക്കയറുന്നതു ഭാര്യ കാണുന്നു. പാന്റും ഷര്‍ട്ടും ധരിച്ചിരിക്കുന്ന ഒരു പയ്യനെപ്പോലെ തോന്നി. 'ആരാ' എന്നു ചോദിക്കാന്‍ ചെന്നപ്പോഴേക്കും വന്നവഴിയെ തന്നെ അയാള്‍ തിരികെ ഓടി. ആരാണെന്നോ എന്താണെന്നോ മനസ്സിലായില്ല. പിന്നീട് സമീപത്തെ ചില വീടുകളിലും ഇയാള്‍ ഓടിക്കയറിയതായി പറയുന്നു.

എന്തോ മനോവിഭ്രാന്തി പ്രകടിപ്പിക്കുംപോലെ. മോഷ്ടാവ് എന്നു കരുതി ആരൊക്കെയോ അയാളെ ഉപദ്രവിച്ചു. ചിലരുടെ മര്‍ദ്ദനം മാരകമായിരുന്നു. അതിനിടയില്‍ ചിലര്‍ അവന്റെ കൈകാലുകള്‍ ബന്ധിച്ചു. ഒടുവില്‍ മലകുന്നം ചിറമുട്ടം ക്ഷേത്രത്തിനു തൊട്ടുമുമ്പിലുള്ള വീട്ടിലെ മതിലിനോടു ചേര്‍ന്നുള്ള റോഡരികില്‍ അവനെ ഉപേക്ഷിച്ചു.

36 ഡിഗ്രിക്കു മുകളില്‍ ചുട്ടെരിയുന്ന കൊടുംവെയിലില്‍ കൂട്ടംതെറ്റിപ്പോയ കൈലാസ് ജ്യോതി കിടന്നു. സമയം ഉച്ചയ്ക്കു മൂന്നര. ചിങ്ങവനം പോലിസ് സ്‌റ്റേഷനിലേക്കു ഫോണ്‍ വന്നു.

ഇതാ ഒരു കള്ളനെ പിടിച്ചിരിക്കുന്നു. ഉടന്‍ വരുക. പോലിസ് എത്തുമ്പോള്‍ വായില്‍ നിന്നു നുരയും പതയും വന്നു തീരെ അവശനായിരുന്നു കൈലാസ്. അവര്‍ അവനെ ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു!

പോലിസുകാര്‍ അവസാനമായി നല്‍കിയ ഇറ്റുവെള്ളം ആ നാവില്‍തുമ്പില്‍ അല്‍പം നനവു പരത്തി. വിവരമറിഞ്ഞ കൈലാസിന്റെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളജിലെത്തി. കൈലാസിനെ  തിരിച്ചറിഞ്ഞു.

മൂന്നാലു ദിവസം ഒപ്പമിരുന്നു യാത്ര ചെയ്ത തങ്ങളുടെ ചങ്ങാതിയുടെ ചേതനയറ്റ ശരീരം കണ്ട് വെറങ്ങലിച്ചു. അവരാണ് കൈലാസിന്റെ വീട്ടില്‍ വിവരമറിയിച്ചത്. നാട്ടില്‍ നിന്ന് സഹോദരനും അടുത്ത ബന്ധുക്കളുമെത്തി. നാലുദിവസത്തെ യാത്രയില്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഭക്ഷണം കഴിച്ചിട്ട് 36 മണിക്കൂറെങ്കിലുമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുമുണ്ട്.

മദ്യപാനശീലമുണ്ടായിരുന്ന കൈലാസ് യാത്രയില്‍ മദ്യം കഴിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചെന്ന് പലരും പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ വച്ച് സുഹൃത്തുക്കളെ കൈവിട്ടുപോയ വെമ്പലില്‍ ഓട്ടോറിക്ഷയില്‍ കയറിയ ഇയാള്‍ വഴിതെറ്റി ചിറമുട്ടത്തു എത്തുകയായിരുന്നു. ഭാഷ അറിയാത്തതിനാല്‍ ആരോട് എന്തു ചോദിക്കണമെന്നറിയില്ല.

പരിഭ്രമിച്ച കൈലാസ് അതീവ അവശനായി പല വീടുകളിലും മാറിമാറി കയറി. ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റവാളികളായി കാണുന്ന നാട്ടുകാര്‍ ആദ്യമേ ഇയാളെ മോഷ്ടാവായി വിലയിരുത്തി കൈകാര്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മാരകമായ മുറിവാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിന്റെ മൂന്നാം ദിവസം അറുപത്തിരണ്ടുകാരന്‍ അറസ്റ്റിലായി. നാലുപേര്‍ക്ക് പങ്കുണ്ടെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്.

കേരളീയ പൊതുസമൂഹമോ, മാധ്യമങ്ങളോ ഇതൊരു വലിയ സംഭവമായി കരുതിയില്ല. മരുഭൂമിയില്‍ ചോരനീരാക്കി പണിയെടുത്തയക്കുന്ന പ്രവാസി മലയാളികളുടെ പണത്തിന്റെ ഹുങ്കില്‍ ജീവിക്കുന്ന അവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹം, അതേപോലെ പ്രവാസിയായി നമ്മുടെ നാട്ടില്‍ ജോലി ചെയ്യാനെത്തിയ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകല്‍, പൊതുനിരത്തിലിട്ട് പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ഒരുമാസമായിട്ടും ഒരു ചെറുശബ്ദംപോലുമുയര്‍ത്താന്‍ ആരുമില്ല.

കൈലാസിനെ ചുട്ടുപൊള്ളുന്ന വെയിലത്ത് കെട്ടിയിട്ടിട്ടും അതിനെതിരേ പ്രതികരിക്കാതെ കണ്ടു രസിച്ചവരും കുറ്റവാളികളല്ലേ? ഇത്തരം കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമെന്താണ്? ഒരു മാസമായിട്ടും ജിഷ വധത്തിലെന്നതു പോലെ ഈ സംഭവത്തിലും കുറ്റവാളികളെ പിടിക്കാന്‍ പോലിസിനായിട്ടില്ല. ഇതര സംസ്ഥാനക്കാരനായതുകൊണ്ടാവാം, ജിഷ വധത്തെച്ചൊല്ലി             ഉണ്ടായതുപോലെ ഒച്ചപ്പാടും ഉണ്ടായില്ല.
കട്ടവനെ കണ്ടില്ലെങ്കില്‍
നാളുകള്‍ക്കു മുമ്പ് എറണാകുളം ജില്ലയില്‍ ജോലിക്കെന്ന വ്യാജേന തമിഴ്‌യുവതിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവമുണ്ടായി. ഇതരസംസ്ഥാന തൊഴിലാളികളിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം വിരല്‍ ചൂണ്ടിയത്. പക്ഷേ പീഡനത്തിനിരയായ യുവതിയുടെ മൊഴിയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലും മൂലം കേസിലെ മലയാളികളായ ആറു പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. ഏറ്റവും അവസാനം പെരുമ്പാവൂരിലെ ജിഷയുടെ മരണത്തിലും ഈ ഘടകം കാണാം. ഇവിടെ പോലിസ് അനുവര്‍ത്തിച്ച അന്വേഷണരീതിയും ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍  ഭീതി വിതയ്ക്കുകയായിരുന്നു. കൊലപാതകം ചര്‍ച്ചയായ സമയത്തു തന്നെ ജിഷയുടെ കൊലപാതകി ഇതരസംസ്ഥാനക്കാരനാണെന്ന് വിധിച്ചതുപോലെയായിരുന്നു പോലിസ് പ്രതികരണം.

ഇതരസംസ്ഥാനക്കാരനെന്നല്ല, 'അന്യ'സംസ്ഥാനക്കാരെന്നാണ് പ്രയോഗം. ഒരു ഘട്ടത്തില്‍ നാട്ടുകാരന്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് വിലയിരുത്തിയ പോലിസ്, ശവശരീരത്തില്‍ കൊലയാളി            നടത്തിയ ക്രൂരതയെ വിശേഷിപ്പിച്ചത് 'അന്യസംസ്ഥാനക്കാരുടെ ശൈലി'യെന്നാണ്. ഇപ്പോള്‍  വീണ്ടും അന്വേഷണം ബംഗാള്‍, അസം, ആന്ധ്ര    എന്നിവിടങ്ങളിലെ ഇതരസംസ്ഥാനക്കാരനിലേക്ക് നീങ്ങിയിരിക്കുന്നു.
അവര്‍ മരണഭീതിയുടെ വാള്‍മുനയില്‍
malayali-2കൈലാസ് ജ്യോതി ബെഹ്‌റയുടെ മരണത്തോടെ കോട്ടയത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭയപ്പാടിലാണ്. ഭീതിയോടെയാണ് ഓരോ ദിനവും മുന്നോട്ടു തള്ളിനീക്കുന്നത്. കൈലാസിന്റെ മരണം തങ്ങളെ അരക്ഷിതരാക്കിയെന്ന് ഒഡീഷ സ്വദേശിയും കോട്ടയം പൂവന്‍തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ  ജോലിക്കാരനുമായ സഞ്ജയ് ബാരി പറയുന്നു. മുമ്പ് കേരളത്തെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാവുന്ന സ്ഥലമായിട്ടാണ് കണ്ടിരുന്നത്. ജോലിസ്ഥലത്ത് മലയാളികളുടെ സഹകരണം ഉണ്ടെങ്കിലും മറ്റിടങ്ങളില്‍ അതില്ലെന്നാണ് സഞ്ജയ് പറയുന്നത്. പല കുറ്റകൃത്യങ്ങളും തങ്ങള്‍ അറിയുന്നത് പോലിസ് വന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോവുമ്പോള്‍ മാത്രമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തങ്ങളുടെ കൂട്ടത്തിലും മോഷ്ടാക്കള്‍ ഉണ്ടാവാമെന്നത് അവര്‍ നിഷേധിക്കുന്നില്ല.

പക്ഷേ, അതിന്റെ പേരില്‍ എല്ലാവരെയും കുറ്റക്കാരായി കാണുന്നതിനെ അവര്‍ ചോദ്യംചെയ്യുന്നു. ഏതെങ്കിലും തൊഴിലാളി പോലിസ് കസ്റ്റഡിയിലായാല്‍ കരാറുകാരന്‍ അന്നേരം മുങ്ങും. തൊഴിലാളി പുറത്തെത്തിയാലാണ് പിന്നീടയാള്‍ ആ വഴി വരുക. എല്ലാ ഇതരസംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശി പൗരന്മാരായി കാണുന്ന പ്രവണതയാണ് മറ്റൊന്ന്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പോലിസ് ആദ്യം ഇവരെ ബംഗ്ലാദേശികളായി കാണും. അതിനു ശേഷമേ ഇന്ത്യക്കാരനായി കാണുകയുള്ളൂ. ബംഗ്ലാദേശി 'പട്ടം' പൊഴിഞ്ഞുപോവുന്നതുവരെ തങ്ങളുടെ സ്ഥിതി കഷ്ടമാണെന്ന് ജഹാംഗീറിന്റെ ഒപ്പം ജോലി എടുക്കുന്ന മുസ്്താഖ് പറയുന്നു. ഓരോ മറുനാടന്‍ തൊഴിലാളിയും തന്റെയും കുടുംബത്തിന്റെയും ജീവിതം കരുപ്പിടിപ്പിക്കാനാണ് നാടും വീടും വിട്ട് കേരളത്തിലെത്തുന്നത്. മലയാളിക്ക് ഗള്‍ഫ് എങ്ങനെയാണോ അതുപോലെയാണ് ബംഗാളിക്കും തമിഴനും ബിഹാറിക്കും ഒഡീഷക്കാരനും ജാര്‍ഖണ്ഡുകാരനും കേരളം. ജോലിയും താരതമ്യേന നല്ല ശമ്പളവുമാണ് മുഖ്യ ആകര്‍ഷണം. ദിവസവും എട്ടു മുതല്‍ 10 മണിക്കൂര്‍ വരെ അധ്വാനിക്കുന്നവരാണ് മിക്കവരും. ഇവര്‍ ചെന്നുപറ്റാത്ത ഒരു തൊഴില്‍മേഖല ഇന്ന് കേരളക്കരയില്‍ വിരളമാണെന്നു പറയാം. ചിലയിടങ്ങളില്‍ ഇവര്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയുമുണ്ട്.  25 മുതല്‍ 30 ലക്ഷം വരെ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ വ്യത്യസ്ത malayali-3
തൊഴില്‍മേഖലയില്‍ ജോലിചെയ്യുന്നത്. ഓരോ വര്‍ഷവും പുതിയ രണ്ടരലക്ഷം പേര്‍ കേരളത്തിലേക്കു വരുന്നു. ഇതരസംസ്ഥാനക്കാര്‍ കൂടുതലും ഏര്‍പ്പെട്ടിരിക്കുന്നത് കെട്ടിടനിര്‍മാണ മേഖലയിലാണ്. നിരവധി കേന്ദ്രങ്ങളിലായി താമസിച്ച് സമീപപ്രദേശങ്ങളിലേക്കു ജോലിക്കുപോവുകയാണ് ഇവരുടെ പതിവ്. മല്‍സ്യബന്ധനം, ക്വാറി മേഖല, ചെരിപ്പ് നിര്‍മാണം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഫര്‍ണിച്ചര്‍ നിര്‍മാണം, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് മേഖല, ബാര്‍ബര്‍ ഷോപ്പ്, പലചരക്ക്, ബേക്കറി, ജ്യൂസ് കടകള്‍ തുടങ്ങി എന്തിന് കൃഷിപ്പണിയില്‍ വരെ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കാണാം. ഇവിടെ ജോലി എടുക്കുന്നവരുടെ നാട്ടിലെ സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ വീട് നിര്‍മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുഖ്യപരിഗണന ലഭിക്കുന്നുണ്ടത്രേ.
ദുരിതം പേറുന്നവര്‍
ഇതൊക്കെയാണെങ്കിലും ഇവരുടെ ജീവിതസാഹചര്യങ്ങള്‍ വളരെ പരിതാപകരമാണ്. ജോലിസ്ഥലത്തും താമസസ്ഥലത്തും അനുഭവിക്കേണ്ടി വരുന്നത് വലിയ ദുരിതമാണ്. തൊഴില്‍സുരക്ഷിതത്വമില്ലെന്നതു തന്നെയാണ് പ്രശ്‌നം. ജോലിസ്ഥലത്തെ ഏതെങ്കിലും കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന ഇവര്‍ വ്യാപകമായ ചൂഷണത്തിനു വിധേയരാവുന്നു. കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ച് പണം തട്ടിയെടുക്കുന്നതാണ് പൊതുരീതി. തൊഴിലുടമകള്‍ നല്‍കുന്ന കൂലി മുഴുവനായും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഒരുഭാഗം കരാറുകാര്‍ പോക്കറ്റിലാക്കുന്നു.  malayali-4കരാറുകാരന്‍ തന്നെയാണ് ഇവര്‍ക്ക് താമസസ്ഥലമൊരുക്കുന്നതും. പലപ്പോഴും ഇത്          കരാറുകാരന്റെ സൗകര്യത്തിന് അയാളുടെ         വീടിനടുത്തായിരിക്കും. ഏതെങ്കിലും പ്രദേശത്ത് വീട് എടുത്തോ അല്ലെങ്കില്‍ ലോഡ്ജുകളിലോ ചെറിയ ഷെല്‍ട്ടറുകളിലോ കൂട്ടമായി താമസിക്കുന്ന ഇവരുടെ താമസപരിസരം മിക്കവാറും വൃത്തിഹീനമായിരിക്കും. ഒരു വീട്ടില്‍ താമസിക്കുന്നത് പത്തും ഇരുപതും പേരാണ്. ഇവര്‍ക്കെല്ലാമായി ആകെയുണ്ടാവുക ഒരു കക്കൂസും. ചെറിയ മുറികളും പൊട്ടിപ്പൊളിഞ്ഞ കക്കൂസും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരു വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും കൂടി ഒരു അടുക്കളയേ ഉണ്ടാവുകയുള്ളൂ. ഇതുവഴിയുണ്ടാവുന്ന മാലിന്യങ്ങളും ഗുരുതരമായ പ്രശ്‌നമുണ്ടാക്കും.

അസുഖങ്ങളുണ്ടായാല്‍ പരമ്പരാഗത രീതിയില്‍ പരസ്പര ചികില്‍സ നടത്തുകയാണത്രേ ഇപ്പോഴിവര്‍ ചെയ്യുന്നത്. ആശുപത്രിയില്‍      നിന്ന് വേണ്ടത്ര ചികില്‍സ ലഭിക്കുന്നില്ലെന്നും  കരാറുകാര്‍ അതിനു ശ്രമിക്കാറില്ലെന്നുമാണ് സഞ്ജയ് പറയുന്നത്. മലയാളം നന്നായി സംസാരിക്കാന്‍ കഴിയുന്നതുകൊണ്ട് തനിക്കിവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുവെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിജേന്ദ്രകുമാര്‍ പറയുന്നു. ഇവിടുത്തെ തൊഴില്‍ സംസ്‌കാരവും ഇടപെടലും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ കുഴപ്പമില്ലെന്നാണ് നാലുവര്‍ഷമായി കുടക്കച്ചവടം ചെയ്യുന്ന വിജേന്ദ്രന്റെ അഭിപ്രായം. അതേസമയം, ഇതര സംസ്ഥാനക്കാരോടുള്ള മനോഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു.

തങ്ങളെ മോശക്കാരായിട്ടാണ് ഇവിടെയുള്ളവര്‍ കാണുന്നതെന്നും അത്തരം പ്രചാരണങ്ങളുടെ കേന്ദ്രമേതെന്നറിയില്ലെന്നും മണിപ്പൂരില്‍ നിന്നുള്ള മുഹമ്മദ് അസ്‌ലം പറയുന്നു. കോഴിക്കടയില്‍ ജോലി ചെയ്യുന്ന അസ്‌ലം നാളുകളായി ഇവിടെയുണ്ടെങ്കിലും ഒരു സുരക്ഷിതത്വവുമില്ലെന്നാണ് പറയുന്നത്. ഇതര സംസ്ഥാനക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇവിടെ വച്ച് മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നു.

മരണം പലതരത്തിലാവാം- അപകടവും രോഗവുമൊക്കെ. എങ്ങനെ മരണപ്പെട്ടാലും മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു സൗകര്യവുമില്ല. അസുഖം പിടിപെട്ടാലും ഇതുതന്നെ അവസ്ഥ. എല്ലാവരും ചേര്‍ന്ന് പണം പിരിച്ചാണ് ഇത്തരക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതെന്നു ചങ്ങനാശ്ശേരിയില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാളില്‍ നിന്നുള്ള ജഹാംഗീര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാറില്ല.
ജാതിവിവേചനവും
മേല്‍പ്പറഞ്ഞതൊക്കെ പുറത്തുള്ളവരുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കില്‍ അവര്‍ക്കിടയില്‍ പരസ്പരം നിലനില്‍ക്കുന്ന വിവേചനവും ജീവിതം ദുരിതമയമാക്കുന്നുവെന്ന് ഇതരസംസ്ഥാനക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ പറയുന്നു. ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പില്‍ എന്‍ പി ജോണ്‍സണ്‍ ഇങ്ങനെ: 'കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ ചെല്ലുമ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളുണ്ട്. തകരപ്പാട്ടകളാല്‍ തിരിക്കപ്പെട്ട ഷെഡ്ഡുകളില്‍ തറയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന തൊഴിലാളികള്‍ക്കിടയിലെ കടുകട്ടിയായ ജാതിബോധം അമ്പരപ്പിക്കുന്നതായിരുന്നു.

തമ്മില്‍ സംസാരിക്കുന്നത് അത്യപൂര്‍വം. ഭക്ഷണം ഒന്നിച്ചു പാചകം ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നത് അചിന്ത്യം. ഒരേ സംസ്ഥാനത്ത് നിന്നു വരുന്ന വ്യത്യസ്ത ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഇത് തന്നെയാണ് സ്ഥിതി. മറിച്ചുള്ള സൗഹൃദങ്ങള്‍ കണ്ടത് വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രം.' ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ ജാതിബോധവുമായാണ് കേരളത്തിലെത്തിയതെന്നാണ് ഇതിനര്‍ഥം. ഇതരസംസ്ഥാന തൊഴിലാളികള്‍ തന്നെ മലയാളികള്‍ക്കു മുന്നില്‍ മറ്റൊരു ജാതിയാ യി മാറി എന്നത് വേറെ കാര്യം.
പരാജയപ്പെട്ട ഭായി ഭായി പദ്ധതി
കോട്ടയം ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ജില്ലാഭരണകൂടം തുടങ്ങിയതായിരുന്നു 'ഭായി ഭായി പദ്ധതി'. ഇതിന്റെ ഭാഗമായി 50 രൂപ വീതം  മൂന്നു വര്‍ഷത്തേക്കു നിര്‍മാണക്ഷേമ തൊഴിലാളി ബോര്‍ഡ് സ്വീകരിക്കും. ഇങ്ങനെ സ്വീകരിക്കുന്ന പണം അവരുടെ ചികില്‍സയ്ക്കും മറ്റു ചെലവുകള്‍ക്കും വേണ്ടി ഉപയോഗിക്കും. പക്ഷേ, ഈ പദ്ധതി വിജയിച്ചില്ല. ഏതാണ്ട് കോട്ടയം ജില്ലയില്‍ മാത്രം 50,000നു മുകളില്‍ തൊഴിലാളികള്‍ ഉള്ളപ്പോള്‍ വെറും 5000ല്‍ താഴെ മാത്രമാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതരുടെ വശം ഇല്ലാത്തതാണ് ഒരു കാരണം. തൊഴിലാളികളുടെ എണ്ണമോ മറ്റു വിവരങ്ങളോ അറിയില്ല. തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുള്ള കംപ്യൂട്ടര്‍ രജിസ്‌ട്രേഷനും എങ്ങുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it