palakkad local

മലമ്പുഴ വെള്ളം കിന്‍ഫ്രയ്ക്ക്; പ്രതിഷേധം ശക്തമാവുന്നു

പാലക്കാട്: മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം വ്യാവസായിക ആവശ്യത്തിന് കിന്‍ഫ്രയ്ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ നീക്കം സജീവമാക്കുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധവും ശക്തമാവുന്നു. ജില്ലയിലെ എംഎല്‍എമാരുടെയും ജില്ലാ വികസന സമിതിയുടെയും എതിര്‍പ്പ് മറികടന്നാണ് കിന്‍ഫ്ര പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി നീക്കം നടത്തുന്നത്. പദ്ധതി നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് പറയുമ്പോഴും വെള്ളം കൊണ്ടുപോവുന്നതിനാവശ്യമായ കുറ്റന്‍ പൈപ്പുകള്‍ പദ്ധതി പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കിന്‍ഫ്രക്ക് നല്‍കാന്‍ ജലമില്ലെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കിയത് പ്രതിഷേധക്കാര്‍ക്ക് ആശ്വസവുമായിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ ദനംപ്രതി 10ബില്യണ്‍ ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ടെന്നും ഇതിനു പുറമെ കൂടുതലായി 15ബില്യണ്‍ ലിറ്റര്‍ വെള്ളം കൂടി നല്‍കാനാവില്ലെന്നാണ് ജലസേചന വകുപ്പ് അറിയിച്ചിട്ടുള്ളത്. എങ്കിലും വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് വാട്ടര്‍ അതോറിറ്റിയോ സര്‍ക്കാരോ പറഞ്ഞിട്ടില്ല.
ഇതു കൊണ്ടുതന്നെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി മുന്നോട്ടുകൊണ്ടുപോവാനാണ് പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയും മറ്റു കര്‍ഷക പരിസ്ഥിതി പ്രവര്‍ത്തകരും ആലോചിക്കുന്നത്. പ്രതിഷേധത്തിനിടയിലും പൈപ്പ് ലോഡുകള്‍ എത്തികൊണ്ടിരിക്കുന്നത് പ്രദേശിവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പൈപ്പ് ലോഡ് ഇറക്കാന്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി വാളയാര്‍ എസ്‌ഐയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ കോടതി ഉത്തരവുണ്ടാവുന്നതുവരെ പദ്ധതിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായിരുന്നു. അതുകൊണ്ട് പൈപ്പുകള്‍ ഇറക്കാന്‍ സഹായം നല്‍കാനാവില്ലെന്ന് പോലിസ് ജല അതോറിറ്റിയെ അറിയിച്ചുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിന് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി ജനപ്രതിനിധികളുടെയും കക്ഷി നേതാക്കളുടെയും കര്‍ഷക പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചിരിക്കുകയാണ്. 4ന് രാവിലെ 10ന് കെപിഎം ഹോട്ടലിലാണ് യോഗം.
Next Story

RELATED STORIES

Share it