മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: ഒന്നിനു പിറകെ ഒന്നായി ദുരൂഹ മരണങ്ങള്‍

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയിലുള്ളവരുടെ മരണം തുടര്‍സംഭവമാവുന്നു. കേസ് നിര്‍ണായകഘട്ടത്തിലെത്തുമ്പോഴൊക്കെ സാക്ഷികളിലാരെങ്കിലും മരണപ്പെടുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണു കാണുന്നത്. ഏറ്റവും ഒടുവില്‍ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരനും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുമായ ഡോ. സനല്‍കുമാറും ജോയി കൈതാരവും പറയുന്നു. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട്ടെ വീട്ടില്‍ 2011 ജനുവരി 24നാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഈ കേസില്‍ പ്രമുഖ വ്യവസായി വി എം രാധാകൃഷ്ണനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ മൂന്നുമരണങ്ങള്‍ക്കും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധമുണ്ടായിരുന്നു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലെ ക്രമക്കേടുകളെക്കുറിച്ച് കൃത്യമായി അറിയുന്നയാളായിരുന്നു ശശീന്ദ്രന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് മൊഴിയും നല്‍കിയിരുന്നു. കോടതി മുമ്പാകെ മൊഴിനല്‍കുന്നതിനു മുമ്പായിരുന്നു ശശീന്ദ്രന്റെയും മക്കളുടെയും മരണം. കൂട്ടമരണത്തിലെ മുഖ്യസാക്ഷിയാണ് ഇന്നലെ മരണപ്പെട്ട ടീന. മാത്രവുമല്ല, ടീനയുടെയും ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്റെയും ഹരജി പരിഗണിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തതു തന്നെ. ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു സാക്ഷിയായ മലബാര്‍ സിമന്റ്‌സിലെ ജീവനക്കാരനായ സതീന്ദ്രകുമാര്‍ എന്നയാളും ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു.
2013 ഫെബ്രുവരി 17ന് രാത്രി 10.30ഓടെയാണ് ഉക്കടം ബസ്സ്റ്റാന്റില്‍ സതീന്ദ്രകുമാര്‍ ബസ്സിടിച്ചു മരിച്ചത്. സ്റ്റാന്റില്‍ വരേണ്ടതില്ലാത്ത ഒരു ബസ്സാണ് ഇയാളെ ഇടിച്ചിട്ടത്. ഡ്രൈവര്‍ മാത്രമായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇതിലെ അന്വേഷണവും അട്ടിമറിക്കുകയാണെന്നാരോപിച്ച് സതീന്ദ്രകുമാറിന്റെ ഭാര്യ പലപ്പോഴായി രംഗത്തെത്തിയിരുന്നു. വ്യവസായി വി എം രാധാകൃഷ്ണനടക്കം പ്രതിയായ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യസാക്ഷിയായ ടീനയും മരണപ്പെടുന്നത്.
Next Story

RELATED STORIES

Share it