Flash News

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകള്‍ഹൈക്കോടതിയില്‍ നിന്ന് ഫയലുകള്‍ കാണാതായി

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജിയുടെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നു കാണാതായി. ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് ഫയല്‍ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇതു നീതിയുടെ ദേവാലയത്തില്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന് ഇതില്‍ നിന്നു വ്യക്തമാവുന്നു. ആശങ്കയ്ക്ക് ഇടനല്‍കുന്ന സാഹചര്യമാണിതെന്നും ഉത്തരവു പറയുന്നു.
മലബാര്‍ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹരജികളും മലബാര്‍ സിമന്റ്‌സിലെ മുന്‍ ചെയര്‍മാന്‍ ജോണ്‍ മാത്യു, മുന്‍ ഡയറക്ടര്‍മാരായ എന്‍ കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരേ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇതില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരേ നല്‍കിയ ഹരജിയുടെയും ജോയ് കൈതാരം നല്‍കിയ ഹരജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. ഇതു കാരണം രണ്ടു ഹരജികളുടെയും രണ്ടാമത്തെ സെറ്റാണ് കേസ് പരിഗണിച്ചപ്പോഴൊക്കെ കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് ഇതും കാണാതായി. ഇതോടെ മൂന്നാമത്തെ സെറ്റ് ഹരജിയാണ് ഇപ്പോള്‍ കോടതിയിലെത്തിയിട്ടുള്ളത്. ഇതുപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയുടെ ആദ്യ സെറ്റും കാണാതായി.
മെയ് 21ന് ഈ കേസുകള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്ത ശേഷമാണ് ഇവ കാണാതായത്. ഹരജികളുടെ ബാക്കിയുള്ള സെറ്റ് ജുഡീഷ്യല്‍ രജിസ്ട്രാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it