Idukki local

മലങ്കര ടൂറിസം പദ്ധതി നിശ്ചലം

മുട്ടം: മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതിയെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച മലങ്കര ടൂറിസം പദ്ധതിക്ക് ഇനിയും ശാപമോക്ഷമായില്ല. സ്വപ്‌നം കണ്ടു കഴിയുകയാണു മുട്ടം നിവാസികള്‍. വര്‍ഷങ്ങളായി ജോലികള്‍ നടക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം പണികളൊന്നും പുരോഗമിക്കുന്നില്ല.
ഇപ്പോള്‍ നാട്ടുകാര്‍ക്ക് അലക്കാനും കുളിക്കാനുമുള്ള കടവായി മാറിയിരിക്കുകയാണ് ഈ ബോട്ട് ജെട്ടി. 11 കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റിപ്പറ്റി മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുകയായിരുന്നു പദ്ധതി. ബോട്ടിങ്, സൈക്കിള്‍ സവാരി, കുതിരസവാരി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോപ് വേ തുടങ്ങി അനന്തസാധ്യതകളാണു മലങ്കര ടൂറിസത്തിനുള്ളത്. വര്‍ഷംതോറും മലങ്കര ടൂറിസത്തിനായി കോടികള്‍ ബജറ്റില്‍ വകയിരുത്തുന്നുണ്ടെങ്കിലും ഒന്നിനും പുരോഗതിയില്ല. ഈ പ്രദേശത്തു മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 140 സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ട്.
വളരെ കുറഞ്ഞ ചെലവില്‍ മനോഹര ദൃശ്യവിരുന്നു നല്‍കുമെന്നതിനാല്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് ഇത് ഇഷ്ടയിടം. പാതിവഴിയില്‍ നിലച്ച ടൂറിസം പദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. മാസങ്ങള്‍ക്കു മുമ്പു കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ജില്ലാ ജയിലിന്റെ പണികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 2016 ഫെബ്രുവരി 29നാണു ജയിലിന്റെ ഉദ്ഘാടനം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാത്തതാണു ജയില്‍ തുറക്കാന്‍ വൈകുന്നതിനു കാരണം.
Next Story

RELATED STORIES

Share it