മറുനാടന്‍ മലയാളികള്‍ക്കായി മാവേലി ബസ്സുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വരുന്ന ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കാനായി കെഎസ്ആര്‍ടിസി മാവേലി ബസ്സുകള്‍ അവതരിപ്പിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലെത്താന്‍ ഈ പുതിയ സര്‍വീസുകള്‍ സഹായകമാവും. നിലവിലുള്ളതിനേക്കാല്‍ കൂടുതലായി 100 ബസ്സുകള്‍ ആഗസ്ത് 17 മുതല്‍ സപ്തംബര്‍ 1 വരെ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ നിന്നു ബംഗളൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും പെര്‍മിറ്റ് ലഭ്യമാവുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചും സര്‍വീസ് നടത്തും.
മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി ബസ്സുകള്‍ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍ എന്നീ ശ്രേണികളിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ സൗകര്യാര്‍ഥം ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി മറുനാടന്‍ മലയാളികള്‍ക്കു വേണ്ടി യാത്രാസൗകര്യം ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു. ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈനായി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍സവകാലത്തെ സ്വകാര്യ ബസുകാരുടെ ചൂഷണത്തില്‍ നിന്നു യാത്രക്കാരെ രക്ഷിക്കാന്‍ പുതിയ സര്‍വീസുകള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it