thrissur local

മറിയത്തിന്റെ എസ്എസ്എല്‍സി വിജയത്തിന് പത്തരമാറ്റ്



തൃശൂര്‍: വെന്മേനാട് മുസ്‌ലിയാം വീട്ടില്‍ കോരിശ്ശേരി അബ്ദുറഹ്മാന്റെയും സമിയയുടെയും മൂത്ത മകളായ മറിയത്തിന്റെ എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതിന്റെ പ്രതീതിയാണ്. ജന്മന കേള്‍വി ശക്തിയും സംസാര ശേഷിയും നഷ്ടപ്പെട്ട മറിയം എന്ന കൊച്ചുമിടുക്കി എഴ് എ പ്ലസും രണ്ട് എ യും ഒരു ബി പ്ലസും സ്വന്തമാക്കി. നൂറ് ശതമാനം വിജയം കൈവരിച്ച വെന്മേനാട് എംഎഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മറിയം. പരീക്ഷയില്‍ സ്‌കൂളിലെ രണ്ടാം റാങ്കുക്കാരിയാണ് ഇന്ന് മറിയം. പുസ്തകങ്ങള്‍ വായിക്കുന്നതിലും ചിത്രരചനയും വളരെയധികം ഇഷ്ടപെടുന്ന മറിയം കഠിനധ്വനത്തിലൂടെയാണ് ഈ മിന്നുന്ന വിജയം കൈവരിച്ചത്. മാത്രമല്ല പഠിപ്പിച്ച അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയും ഉണ്ട് ഈ കൊച്ചുമിടുക്കിയുടെ വിജയത്തിന് പിന്നില്‍.  2000ത്തില്‍ മറിയത്തിന്റെ ജനനത്തിന് പത്ത് മാസത്തിന് ശേഷമാണ് മാതാപിതാക്കള്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഒന്നര വയസ് മുതല്‍ അഞ്ച് വയസ് വരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും സ്പീച്ച് തറാപ്പി നടത്തിയങ്കിലും വലിയമാറ്റം ഉണ്ടായില്ല. തുടര്‍ന്ന് നിലമ്പൂരിലെ സ്‌പെഷ്യല്‍ സ്‌കൂളിലും കൊടുങ്ങല്ലൂരിലെ സെപഷ്യല്‍ സ്‌കൂളിലും പഠനം നടത്തി. പീന്നിട് പെരിഞ്ഞനം യുപി സ്‌കൂളിലെ പഠനത്തില്‍ മറിയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധിച്ചതായി മാതാപിതാക്കള്‍ പറയുന്നു. അന്ന് ഈ സ്‌കൂളിലെ പ്രധാനധ്യാപിക ദീപയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ നല്ല പ്രോ ല്‍സാഹനമാണ് നല്‍കിയിരുന്നത്. ഒമ്പതാം ക്ലാസില്‍ വെന്മേനാട് എംഎഎസ്എം സ്‌കൂളില്‍ ചേര്‍ന്നത്. മറിയത്തിന്റെ പഠിക്കുന്നതിലെ താല്‍പര്യം മനസിലാക്കിയതോടെ ഈ സ്‌കൂളിലെ അധ്യാപകര്‍ ആത്മാര്‍ത്ഥമായ പിന്തുണ നല്‍കി. സ്‌കൂളിലെ അധ്യാപിക ശ്രീദേവി മറിയത്തിനേ പഠനത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനധ്യാപകന്‍ ഹുസൈന്‍ പറയുന്നു. മാത്‌സായിരുന്നു മറിയത്തിന് എറ്റവും ഇഷ്ടമുള്ള വിഷയം. മതവും ഭൗതികവും ഒരുമിച്ച് കൊണ്ട്‌പോകുന്ന സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുവനാണ് മറിയത്തിന് താല്‍പര്യം.
Next Story

RELATED STORIES

Share it