മര്‍ദിച്ചത് എസ്‌ഐ ദീപക്കെന്ന് കൂട്ടുപ്രതികളുടെ മൊഴി

കൊച്ചി: ശ്രീജിത്തിനെ മര്‍ദിച്ചതു സബ് ഇന്‍സ്‌പെക്ടര്‍ ദീപക്കിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെന്നു ശ്രീജിത്തിന്റെ കൂട്ടുപ്രതികളുടെ മൊഴി. കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോവുന്നതിനിടെ മാധ്യമങ്ങളോട് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടുവെന്ന് കൂട്ടുപ്രതികള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ഏഴിന് രാവിലെ സ്റ്റേഷനിലെത്തിയ ദീപക് ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചു. മൂന്ന് ദിവസവും മര്‍ദനം തുടര്‍ന്നുവെന്നും പ്രതികള്‍ പറയുന്നുണ്ട്.
നിലവില്‍ അന്വേഷണ വിധേയമായി ദീപക് സസ്‌പെന്‍ഷനിലാണ്. ഇതിനിടെ പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരേ കുടുംബം രംഗത്തെത്തി.  സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിനു കുറ്റവാളികളെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണമടക്കമുള്ള നടപടികള്‍ ആവശ്യപ്പെടുമെന്ന് അമ്മ ശ്യാമള പറഞ്ഞു.
മരണത്തിന് ഉത്തരവാദികളായവര്‍ അഴിക്കുള്ളില്‍ ആകുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും അമ്മ അറിയിച്ചു. നിരപരാധിയായ തന്റെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് ഭാര്യ അഖിലയും ആവര്‍ത്തിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. പോലിസ് പ്രതികളായ കേസ് പോലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ആവശ്യമുന്നയിക്കുന്നതെന്നും അഖില പറഞ്ഞു.
ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായാലുടന്‍ നിയമപോരാട്ടങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണു കുടുംബം. നേരത്തെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലിസില്‍ നിന്ന് നീതി ലഭിക്കുകയില്ലെന്ന സംശയം ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ചിരുന്നു.
ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന സമീപനമാണു സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയോട് കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പു തലത്തിലുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.
ശ്രീജിത്ത് കൊല്ലപ്പെട്ട് 10 ദിവസം പിന്നിട്ടിട്ടും കസ്റ്റഡി മരണം സംബന്ധിച്ച് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത പോലിസിന്റെ നിലപാട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനെതിരേ കുടുംബം ശക്തമായി രംഗത്തുവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it