World

മരുന്നുകളില്ല; ഗസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ

ഗസ: ജന്‍മഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ ഇസ്രായേല്‍ വെടിവയ്പില്‍ പരിക്കേറ്റ ആയിരത്തിലേറെ പേര്‍ക്ക് ചികില്‍സ നല്‍കാനാവാതെ ആശുപത്രികള്‍. മരുന്നുകള്‍ തീര്‍ന്നതിനെത്തുടര്‍ന്ന്് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ശേഖരം അവസാനിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേല്‍ ഉപരോധം മൂലം പരാധീനതയിലായ ഗസാ ആശുപത്രികളില്‍ ആയിരത്തിലേറെ പരിക്കേറ്റവര്‍ എത്തിയതോടെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇസ്രായേലി സൈനികരുടെ വെടിവയ്പില്‍ പരിക്കേറ്റവരാണ് ആശുപത്രിയില്‍ കഴിയുന്നവരിലേറെയും. പലരുടെയും ശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയിട്ടുണ്ട്. എന്നാല്‍, അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കേസുകളില്‍ പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഡോക്ടര്‍മാര്‍. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫാ ഹോസ്പിറ്റലില്‍ പോലും പരിക്കേറ്റവരെ പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണ്.
മരുന്ന് അടക്കം അത്യാവശ്യ മെഡിക്കല്‍ സാധനങ്ങള്‍ക്കായി 20 ലക്ഷം ഡോളര്‍ അടിയന്തരമായി വേണ്ടിവരുമെന്നാണ് റെഡ് ക്രസന്റിന്റെ കണക്കുകൂട്ടല്‍.
ഫലസ്തീനികള്‍ ഭൂ ദിനമായി ആചരിച്ച മാര്‍ച്ച് 30ന് നടന്ന വെടിവയ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തോളം പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്.
സമരം തുടങ്ങിയ ശേഷമുള്ള രണ്ടാം വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കേറ്റു.
Next Story

RELATED STORIES

Share it