ernakulam local

മരുന്നില്ല; പറവൂര്‍ താലൂക്ക് ആശുപത്രി സിപിഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു

പറവൂര്‍: താലൂക്ക് ആശുപത്രിയില്‍ മരുന്നില്ലാതെ രോഗികള്‍ വിഷമിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു.
ഒരു പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ കരഞ്ഞു പരാതി പറഞ്ഞതിനെ തുടര്‍ന്ന്    കൂടുതല്‍ സ്ത്രീകളും രോഗികളും പരാതിയുമായെത്തി.
കുത്തിവെക്കാന്‍ സൂചിയും ഒട്ടിക്കുന്ന ബാന്‍ഡേജ് വരെ പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണെന്ന് രോഗികള്‍ പരാതിപ്പെട്ടു. സൂപ്രണ്ട് പണിമുടക്ക് മൂലം ആശുപത്രിയിലെത്തിയിരുന്നില്ല. ഫോണിലും കിട്ടിയില്ല. തുടര്‍ന്ന് വിശ്വനാഥന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സര്‍ക്കാര്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പനും സൂപ്രണ്ട് ഡോ. പി എസ് റോസമ്മയും സ്ഥലത്തെത്തി. സൂപ്രണ്ടിനെ പണിമുടക്ക് ആയതിനാല്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് അയച്ചാണ് മഞ്ഞുമ്മലിലെ വീട്ടില്‍ നിന്നും എത്തിച്ചത്.
തുടര്‍ന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അറുപത്തിയാറ് ലക്ഷം രൂപയുടെ മരുന്നാണ് അനുവദിച്ചതെന്നും ഇത് തീര്‍ന്നിരിക്കുകയാണെന്നും ഈ വര്‍ഷം ഒരുകോടിയുടെ മരുന്നുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങുന്നതിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പക്കല്‍ ആവശ്യമായ ഫണ്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
പറവൂരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത്യാവശ്യ മരുന്നുകള്‍ തിങ്കളാഴ്ച്ച തന്നെ എത്തിക്കുന്നതിന് ജില്ലാ സ്‌റ്റോറിലേക്ക് വാഹനം അയച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
ചര്‍ച്ചയില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി കെ എം ദിനകരന്‍, മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥന്‍, നഗരസഭാ കൗണ്‍സിലര്‍ സുനില്‍ സുകുമാരന്‍, എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി ഡിവിന്‍ കെ ദിനകരന്‍, ഷെറിയസ്, കെ എല്‍ തോമസ്, എം ടി സുനില്‍കുമാര്‍, എം ഡി വിനോദ്, എം എ ഷെയ്ഖ്, അജി മാട്ടുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it