മരുന്നിനായി പിരിച്ച മദ്യത്തിന്റെ സെസ് തുക സര്‍ക്കാര്‍ വകമാറ്റി

തിരുവനന്തപുരം: മരുന്നുകള്‍ക്കായി മദ്യത്തിനൊപ്പം പിരിച്ച സെസ് തുക വക മാറ്റി സര്‍ക്കാര്‍. ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ 352.94 കോടി രൂപയില്‍ മരുന്നു വാങ്ങാന്‍ ചെലവാക്കിയത് 30 കോടി മാത്രം. ബാറുകള്‍ പൂട്ടിയപ്പോള്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി പിരിച്ച 1250 കോടിയും സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. മദ്യം വിറ്റു കിട്ടുന്ന തുകയില്‍ നിന്നു പാവപ്പെട്ട രോഗികള്‍ക്ക് മരുന്നു വാങ്ങാനും ജോലി പോയ തൊഴിലാളിക്കുള്ള പുനരധിവാസത്തിനും പണം കണ്ടെത്തുകയായിരുന്നു 2014ല്‍ സെസ് ഏര്‍പ്പെടുത്തിയതിലൂടെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒരു കുപ്പി മദ്യത്തിന് 1 ശതമാനം മെഡിക്കല്‍ സെസും 5 ശതമാനം പുനരധിവാസ സെസുമാണ് ഏര്‍പ്പെടുത്തിയത്. പിരിഞ്ഞുകിട്ടുന്ന തുക നിക്ഷേപിക്കുന്നതിനായി പ്രത്യേക അക്കൗണ്ടും ധനകാര്യ വകുപ്പ് തുറന്നു. പിരിച്ച തുക ബിവേറജസ് കോര്‍പറേഷന്‍ ട്രഷറിയില്‍ നിക്ഷേപിച്ചെങ്കിലും 2014-15 സാമ്പത്തിക വര്‍ഷം മാത്രമേ സര്‍ക്കാര്‍ മരുന്നു വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനു പണം നല്‍കിയിട്ടുള്ളൂ. നാലു വര്‍ഷമായി മെഡിക്കല്‍ സെസിനത്തില്‍ പിരിച്ചെടുത്ത 352 കോടി രൂപയില്‍ കെഎംസിഎല്ലിന് കിട്ടിയത് വെറും 30 കോടി. അടുത്ത വര്‍ഷം ബാക്കി തുക കൂടി ചേര്‍ത്തു നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പുനരധിവാസ സെസായി പിരിച്ചെടുത്ത 1150 കോടിയില്‍ ഒരു തുക പോലും ചെലവഴിച്ചില്ലെന്നു മാത്രമല്ല, ഇതില്‍ ഉള്‍പ്പെടുത്തേണ്ട തൊഴിലാളികളുടെ പട്ടിക പോലും എക്‌സൈസ് വകുപ്പ് തയ്യാറാക്കിയിട്ടില്ല. പിരിച്ചെടുത്ത തുക എത്രയെന്ന് അറിയാതിരിക്കാന്‍ എല്ലാ സെസും കൂടി ചേര്‍ത്ത് ഈ സാമ്പത്തിക വര്‍ഷം മുതല്‍ 210 ശതമാനമെന്ന ഒറ്റ നികുതിയാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it