Flash News

മരിച്ചവരും പുനര്‍വിവാഹിതരും പെന്‍ഷന്‍ പട്ടികയില്‍അനര്‍ഹരെ ഒഴിവാക്കണം; കര്‍ശന നിര്‍ദേശവുമായി ധനവകുപ്പ്

എച്ച്  സുധീര്‍
പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ധാരാളം അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതികളേറിയതോടെ കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യവകുപ്പ്. മരിച്ചവരും പുനര്‍ വിവാഹിതരും പെ ന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പരാതി. മരിച്ചവരുടെ പെന്‍ഷന്‍ തുടര്‍ന്നും അനന്തരാവകാശികള്‍ കൈക്കലാക്കുന്നുണ്ടെന്നും വിധവാ പെന്‍ഷന്‍ ലഭിച്ചുവരുന്നവര്‍ പുനര്‍ വിവാഹം ചെയ്ത ശേഷവും പെന്‍ഷന്‍ വാങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിനു നിരവധി പരാതികളാണ് ലഭിക്കുന്നത്. കൂടാതെ, യഥാര്‍ഥ വയസ്സ്് മറച്ചുവച്ച് പെന്‍ഷന്‍ ലഭിക്കുന്നതിലേക്കായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിലേക്കു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സാമൂഹികക്ഷേമ പെന്‍ഷന്‍ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയപ്പോള്‍ നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന 31,256 പേര്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ജീവിച്ചിരിപ്പില്ല. എല്ലാ മരണവും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ഇപ്പോഴില്ല. രണ്ടു ഡാറ്റാബേസിലെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കല്‍ പ്രശ്‌നങ്ങളും ഏറെയാണ്. ഈ പരിമിതികളൊക്കെ മറികടന്നാണു പരേതരായ 31,256 പേര്‍ ലിസ്റ്റില്‍പ്പെട്ടത്.
രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ എണ്ണം 50,000 കവിയും. പെന്‍ഷന്‍ വാങ്ങുന്ന പരേതരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ് (5753). തൃശൂര്‍ (5468), കോഴിക്കോട് (4653) ജില്ലകള്‍ക്കാണു രണ്ടും മൂന്നും സ്ഥാനം. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടുപിന്നിലുണ്ട്. കാസര്‍കോട് (337), ഇടുക്കി (239) ജില്ലകളാണ് ഏറ്റവും പിന്നില്‍. പെന്‍ഷന്‍ പട്ടികയില്‍ മരിച്ചവരുടെയും പുനര്‍വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ മുഖേന ശേഖരിച്ച് അതാതു മാസം ഡാറ്റാ ബേസില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെന്‍ഷന്‍ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ മരിച്ചവരുടെ വിവരങ്ങള്‍ ഓരോ പെന്‍ഷന്‍ വിതരണത്തിനു ശേഷവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. അന്വേഷണത്തിനു ശേഷം മരിച്ച വ്യക്തികളെ സേവന സോഫ്റ്റ്‌വെയറില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതിനു സെക്രട്ടറിമാര്‍ സത്വര നടപടി സ്വീകരിക്കണം.  പുതുതായി സാമൂഹികസുരക്ഷാ പെന്‍ഷന് അപേക്ഷിക്കുന്ന ഒരു വ്യക്തി തന്റെ വയസ്സ് തെളിയിക്കുന്നതിനു മറ്റു രേഖകള്‍ ഇല്ലായെന്നു കാണിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയും ഇല്ലാതാക്കി. പ്രായം തെളിയിക്കുന്നതിനു സമര്‍പ്പിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കാന്‍ പാടില്ലെന്നാണു പുതിയ നിര്‍ദേശം.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള മറ്റ് രേഖകളുടെ അഭാവത്തില്‍ വയസ്സ് തെളിയിക്കുന്നതിന് ആധാര്‍ ഉപയോഗിക്കണം. അതേസമയം, പട്ടികവര്‍ഗത്തില്‍പ്പെടുന്ന പെന്‍ഷന്‍ അപേക്ഷകര്‍, കിടപ്പുരോഗികള്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് ആധാര്‍ അടക്കമുള്ള മറ്റു രേഖകള്‍ ഇല്ലായെന്നു പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രായം നിര്‍ണയിച്ച് പെന്‍ഷന്‍ അനുവദിക്കുന്ന രീതി തുടരാമെന്നും ധനകാര്യ വിഭാഗം ജോയിന്റ് സെക്രട്ടറി ബി പ്രതീപ് കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Next Story

RELATED STORIES

Share it