മരണാനന്തര കര്‍മങ്ങള്‍ക്ക് വിശ്വാസാചാരമനുസരിച്ച് ചട്ടമുണ്ടാക്കണമെന്ന ആവശ്യവുമായി ഹരജി

കൊച്ചി: മരണാനന്തര കര്‍മങ്ങള്‍ മരിച്ചയാളുടെ വിശ്വാസപ്രകാരം നടത്താന്‍ സര്‍ക്കാര്‍ ചട്ടമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഹരജി നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും മരണാനന്തര കര്‍മങ്ങള്‍ ഏതുരീതിയില്‍ വേണമെന്നു തീരുമാനിക്കാനുമുള്ള അവകാശമുണ്ടെന്നു ഹരജി പറയുന്നു. അടുത്തിടെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മരിച്ച പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയതായി ഹരജി ചൂണ്ടിക്കാട്ടി. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല.
ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹം ചെയ്ത് മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കി ജസ്റ്റിസുമാരായ സി ടി രവികുമാര്‍, എ എം ബാബു എന്നിവരടങ്ങിയ ബെഞ്ച് ജൂണ്‍ 26ന് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. 1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരിഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ നാലാം വകുപ്പ് ഇത്തരം അതോറിറ്റി രൂപീകരിക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാക്കി മാറ്റിയിട്ടും നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചട്ടം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാലിന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതി വിധിയുണ്ടായിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമാണ്. അതിനാല്‍ ചട്ടം രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
തദേവൂസ് കേസിലെ വിധി നടപ്പാക്കാത്തതിന് എതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും ഉടന്‍ കോടതിയുടെ പരിഗണനയ്ക്കു വരും.

Next Story

RELATED STORIES

Share it