മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം: കോടിയേരി

ആലുവ: കസ്റ്റഡി മരണങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണം. കേരളത്തിലാണ് ഏറ്റവും കുറവ് കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്നും അതിന് മാറ്റം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കഠ്‌വ സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. എന്നാല്‍, ചിലര്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിലര്‍ ഹര്‍ത്താലുകളുണ്ടാക്കുന്നത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത്തരം അരാജകസമരങ്ങള്‍ ജനാധിപത്യ സമരങ്ങളെയും പ്രതിഷേധങ്ങളെയും ദുര്‍ബലപ്പെടുത്തും. കഠ്‌വ സംഭവം രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണ്.
എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള സംഘടിത പ്രതിഷേധമാണ് ഉയരേണ്ടതെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലാ പോലിസ് മേധാവിയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അഭിപ്രായമുണ്ടെങ്കില്‍ അത് നിയമസഭയില്‍ പറയണമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it