ernakulam local

മരച്ചീനി കര്‍ഷകര്‍ക്ക് ഇക്കൊല്ലം കണ്ണുനീര്‍ ബാക്കി

കോതമംഗലം: എല്ലാം തകര്‍ന്ന കര്‍ഷകന്റെ തളര്‍ച്ചയ്ക്ക് ആഘാതം ഒന്നുകൂടി ഇരട്ടിപ്പിച്ചു  മരച്ചീനിയുടെ വിലയിടിവ് പാരമ്യത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഭേദപ്പെട്ട വിലയില്‍ ഭ്രമം പൂണ്ട് അധികകൃഷി ചെയ്തവരെല്ലാം പണിക്കൂലി പോലും കിട്ടാത്ത അവസ്ഥയില്‍ കൃഷി ചെയ്ത മരച്ചീനി വിളവെടുക്കാന്‍ പോലും തയ്യാറാവാതെ ഉപേക്ഷിച്ചു തുടങ്ങി. കേവലം 12 രൂപയായിട്ടാണ് ഒരു കിലോഗ്രാം മരച്ചീനിക്ക് വിലയിടിഞ്ഞത്. ഇത് ചില്ലറ വിലയാണ്. മൊത്ത വിപണിയില്‍ 10 രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ സീസണില്‍ 28 മുതല്‍ 36 രൂപ വരെ ആയിരുന്നു കിലോഗ്രാം മരച്ചീനിയുടെ വില. മുന്‍വര്‍ഷത്തെ വില കണ്ട് കിഴക്കന്‍ മേഖലകളിലെ കര്‍ഷകര്‍ അധികകൃഷി ചെയ്തിരുന്നു ഇക്കൊല്ലം. സ്ഥലം പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലും വന്‍തോതില്‍ കൃഷിയിറക്കിയവരായിരുന്നു കിഴക്കന്‍ മേഖലകളില്‍ അധികവും. സ്വാശ്രയ സംഘങ്ങളും കൂട്ടായ്മകളും ഇത്തരത്തില്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ വിലയില്ലാതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മൊത്ത കച്ചവടക്കാര്‍ തിരിഞ്ഞു നോക്കാതായതോടെ കൃഷിയിടങ്ങളില്‍ പാകമായ മരച്ചീനി വിളവെടുക്കാതെ നില്‍ക്കുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലകളില്‍. ഏത്തവാഴ കൃഷിയിലും ഇക്കൊല്ലം കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് നേരിട്ടത്. സീസണില്‍ 22 രൂപയ്ക്കാണ് കര്‍ഷകര്‍ ഏത്തവാഴ മുറിച്ച് നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ മരച്ചീനി കൃഷിയിലുണ്ടായ വര്‍ധനയാണ് വിലയിടിയാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സാധാരണ തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കി ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ നിന്നും സീസണില്‍ മരച്ചീനി കൊണ്ടുവരാറുണ്ടെങ്കിലും ഇക്കൊല്ലം കാര്യമായി അതുണ്ടായില്ല.
Next Story

RELATED STORIES

Share it