malappuram local

മരച്ചില്ല വെട്ടിമാറ്റി നീര്‍പക്ഷികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി

പൊന്നാനി: ആലംകോട് വില്ലേജില്‍ അനുമയിയില്ലാതെ മരക്കമ്പുകള്‍ മുറിച്ച സംഭവത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന ആലംകോട് വില്ലേജ് കെട്ടിടത്തിലാണ് ഇരുപതിലതികം മരങ്ങളിലായി നൂറ് കണക്കിന് കാക്കകളും, ഇരണ്ടകളും മറ്റും കൂടൊരുക്കിയിരുന്നത്. ഇവയുടെ വിസര്‍ജ്യം പൊതുജനങ്ങള്‍ക്കും വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്കും ശല്യമാണെന്ന പരാതികള്‍ നില നില്‍ക്കെയാണ് അധികൃതര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയത്. പക്ഷി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇടപെട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. വേണ്ടത്ര മുന്‍ കരുതലുകളോ വനം വകുപ്പിന്റെയോ ഫോറസ്റ്റിന്റെയോ അനുമതിയോ വാങ്ങാതെ മരച്ചില്ലകള്‍ വെട്ടിമാറ്റിയതും ഇതുവഴി നൂറ് കണക്കിന് കിളിക്കുഞ്ഞുങ്ങള്‍ ചത്തുവീണതും ചര്‍ച്ചയായതോടെയാണ് ഫോറന്‍സ് വിജിലന്‍സ് വിഭാഗം അന്വേഷം തുടങ്ങിയത്. മലപ്പുറം സോഷ്യല്‍ ഫോറസട്രിറി സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രഘുനാഥ്, നിലമ്പൂര്‍ ഫോറസ്റ്റ് വിജിലന്‍സ് സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാജേഷ്, കരുവാരക്കുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ വിഭാഗം സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ശശികുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. അതേസമയം സംഭവത്തില്‍ ആലംകോട് വില്ലേജ് ഓഫിസര്‍ക്കെതിരെ കാളികാവ് റേഞ്ച് ഓഫിസര്‍ കേസെടുത്തു. അനുമതിയില്ലാതെയാണ് വില്ലേജ് ഓഫിസ് വളപ്പിലെ മരങ്ങള്‍ മുറിച്ചതെന്ന് വനം വകുപ്പ് കണ്ടെത്തി. നൂറിലധികം പക്ഷികളാണ് മരം മുറിച്ചതോടെ ചത്തത്. ഇരുന്നൂറോളം പക്ഷികള്‍ക്ക് വാസസ്ഥലമില്ലാതായെന്നും പരിശോധനയ്്ക്കുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, വിഷയം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ പരിസ്ഥിതി പ്രവര്‍ത്തകനായ ജമാല്‍ പനമ്പാടിനെതിരേ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കള്ളക്കേസ് ചുമത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ അപവാദ പ്രചാരണം നടത്തി എന്ന വ്യാജപരാതി ചങ്ങരംകുളം പോലിസില്‍ നല്‍കിയാണ് പ്രതികാരം ചെയ്തത്. ആലങ്കോട് വില്ലേജ് ഓഫിസിന് മുമ്പിലുള്ള മരത്തിന്റെ കൊമ്പുകള്‍ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി പഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. എന്നാല്‍, വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതിനാണ് വ്യാജപരാതി നല്‍കിയതെന്ന് ജമാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it