മയക്കു മരുന്നു കടത്ത്: വെനിസ്വേല സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി: പുതുവല്‍സരവും ക്രിസ്തുമസും ലക്ഷ്യം വെച്ച് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദേശിയായ യുവാവ് നാര്‍കോട്ടിക് ബ്യൂറോയുടെ പിടിയിലായി. ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നും മയക്കുമരുന്ന് നിറച്ച 90 ക്യാപ്‌സൂളുകള്‍ പുറത്തെടുത്തു. വെനിസ്വേല സ്വദേശിയായ ഹാര്‍ലി ഗബ്രിയേല്‍ കാസ്‌ട്രോ കാരെനോ (36) എന്ന യുവാവാണ് പിടിയിലായത്. കൊക്കയിന്‍ എന്ന മയക്കുമരുന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയ ശേഷം ഇയാള്‍ കടത്താര്‍ ശ്രമിച്ചത്. വയറ്റിലെത്തിയാല്‍ ദഹിച്ചു പോകാത്ത വിധത്തിലുള്ള പ്രത്യേക കാട്രിഡ്ജ്കളിലാണ് മയക്കുമരുന്ന് നിറച്ചിരുന്നത്. ബ്രസീലില്‍ നിന്നും ദുബയ് വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ക്യാപ്‌സൂളുകളുള്ളതായി വ്യക്തമായത്. ഏകദേശം ഒരു കിലോ കൊക്കയിന്‍ ഇയാള്‍ വയറ്റില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് മൂന്ന് കോടിയോളം രൂപ വില വരും. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ  പുറത്തെടുക്കാനായിട്ടുള്ളു. ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണ്ണമായും പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പും പല തവണ ഇയാള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it