kannur local

മമ്പറത്തെ സിസിടിവി കാമറകള്‍ കണ്ണടയ്ക്കുന്നു

പിണറായി: മമ്പറത്തെ സിസിടിവി കാമറകള്‍ കണ്ണടക്കുന്നു. വ്യാപാരി വ്യാവസായി ഏകോപന സമിതി രണ്ടു വര്‍ഷം മുമ്പ് ആറരലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കാമറകളില്‍ നാലെണ്ണമാണ് പ്രവര്‍ത്തനരഹിതമായത്. അറ്റകുറ്റപ്പണിക്കുള്ള സാമ്പത്തിക പ്രയാസത്താലാണ് തകരാറായ കാമറകള്‍ നിശ്ചലമായത്. പ്രധാന വ്യാപാര കേന്ദ്രത്തിനു പുറമെ പതിനായിരത്തോളം കുട്ടികള്‍ ദിവസേന വന്നുപോവുന്ന പ്രധാന ടൗണ്‍ കൂടിയാണ് മമ്പറം.
ഹൈസ്‌കൂളുകള്‍ കേന്ദ്രികരിച്ച് ലഹരി മരുന്ന് മാഫിയ ഇടപാടുകാര്‍ മമ്പറത്ത് വരുന്നതും പോവുന്നതും ഇത്തരക്കാരെ പിടികൂടാനും പോലിസിനെ ഏറെ സഹായിച്ചത് ഇവിടെ സ്ഥാപിച്ച സിസിടിവി കാമറകളാണ്. മമ്പറത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിനിടയാക്കിയ പാര്‍ട്ടി പതാക മോഷ്ടിക്കുന്നത് തടയുന്നതില്‍ പോലിസിന് ഏറെ സഹായകമായതും കാമറകളായിരുന്നു.
മമ്പറം ടൗണിന് അടുത്തുളള്ള കോട്ടത്ത് 30 ലക്ഷം രൂപയുടെ കുഴല്‍പണം ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ചക്കരക്കല്‍ പോലിസ് പിടികൂടിയത് മമ്പറത്തെ സിസിടിവിയുടെ സഹായത്തോടെയായിരുന്നു.
കണ്ണൂരിന്‍ നിന്ന് വയനാട്ടിലേക്ക് ബസ്സില്‍ കയറ്റിയ വിലകൂടിയ പാഴ്‌സല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത് മമ്പറത്തെ പ്രധാന ജങ്ഷനിലെ കാമറയിലാണ് കുടുങ്ങിയത്. അപകടങ്ങള്‍ വരുത്തി നിര്‍ത്താതെ പോവുന്ന നിരവധി സംഭവങ്ങള്‍ പോലിസ് പിടികൂടിയതും കാമറയുടെ സഹായത്തോടെയാണ്.
പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരവും കുറ്റകൃത്യങ്ങള്‍ തടഞ്ഞ് സൈ്വര്യജീവിതം ഉറപ്പുവരുത്തുന്നതിനും പോലിസിനെയും നാട്ടുകാരെയും ഒരുപോലെ സഹായിക്കുന്ന മമ്പറം ടൗണിലെ സിസിടിവി കാമറകള്‍ കണ്ണടച്ചത് നാട്ടുകാരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it