Kottayam Local

മന്ത്രിസഭാ വാര്‍ഷികം സമുചിതമായി ആഘോഷിക്കണം : കലക്ടര്‍



കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളില്‍ എല്ലാ വകുപ്പുകളുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് കലക്ടര്‍ സി എ ലത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുയായിരുന്നു കലക്ടര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ വകുപ്പു മേധാവികളും പങ്കെടുക്കണം. കാലവര്‍ഷം ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈയില്‍ ഗതാഗത തടസ്സം ഉണ്ടാവുന്ന വിധത്തില്‍ റോഡുകള്‍ വെട്ടിമുറിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സാംക്രമിക രോഗങ്ങള്‍ക്കെതിരേ ശുചീകരണം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ ഉടന്‍ നടത്തണമെന്നും ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഉടന്‍ നടത്തുന്നതിനു നടപടി ഉണ്ടാവണമെന്നും യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജൂണ്‍ അഞ്ചിന് നടത്തുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം വിതരണം ചെയ്യുന്നുണ്ട്. ഈ തൈകളുടെ ശരിയായ പരിപാലനത്തിന് സംവിധാനമൊരുക്കണമെന്ന് പ്രഫ. ജയരാജ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി റെസിഡന്‍സ് അസോസിയേഷനുകളുടെ അപ്പക്‌സ് ബോഡിയുടെ സഹായം ഉണ്ടാവണമെന്നും നിര്‍ദേശിച്ചു. ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. തൈകളുടെ സംരക്ഷണത്തിനു സംരക്ഷണ വേലി പോലുള്ള സംവിധാനത്തിനുള്ള പണം, നിയമം അനുവദിക്കുമെങ്കില്‍ എംഎല്‍എ ഫണ്ട് വഴി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പ്ലാനിങ് റിസര്‍ച്ച് ഓഫിസര്‍ ശ്രീകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it