മന്ത്രിമാരെ മാറ്റാനുള്ള തന്ത്രകുതന്ത്രങ്ങള്‍

മധ്യമാര്‍ഗം - പരമു
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തല്‍ക്കാലം രാഷ്ട്രീയ പ്രതിസന്ധികളൊന്നുമില്ല. കാലവര്‍ഷം കനത്തതോടെ മന്ത്രിസഭ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേക്കു മുഖം തിരിച്ചിരിക്കുന്നു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി ലഭിച്ചതോടെ കേന്ദ്രവുമായുള്ള പോരിന് അല്‍പം അയവുവന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ അകത്താക്കിയതോടെ ആഭ്യന്തരവകുപ്പിനും തലയുയര്‍ത്തിനില്‍ക്കാം. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി പഞ്ഞമാസത്തില്‍ മുഖ്യമന്ത്രി ഇവിടെയുള്ളത് ദുരിതംപേറുന്നവര്‍ക്കു വളരെ ആശ്വാസവും നല്‍കുന്നു. പുറമെ പേമാരിയും ദുരിതങ്ങളുമാണെങ്കിലും ഭരണ-രാഷ്ട്രീയ കാലാവസ്ഥ സുഖകരമാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തിയതോടെ ജനങ്ങള്‍ക്കാകെ സമാധാനവുമായി. ഇങ്ങനെ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ സന്തോഷം നിറയുമ്പോഴും മന്ത്രിക്കുപ്പായം തുന്നിച്ചു കാത്തിരിക്കുന്ന രണ്ട് എംഎല്‍എമാര്‍ അനുഭവിക്കുന്ന മഹാസങ്കടം ആരും കാണുന്നില്ല.
ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗവും പാര്‍ട്ടിയുടെ പ്രതിഭാശാലിയായ പിരിവുകാരനുമായ സഖാവ് ഇ പി ജയരാജന്‍ അവര്‍കളാണ് ഒരാള്‍. മാസങ്ങളായി അദ്ദേഹം വീണ്ടും മന്ത്രിയാവാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. അന്വേഷണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും അദ്ദേഹം മോചിതനായ ഉടനെ തന്നെ മന്ത്രിപദവി നല്‍കുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ അത് അനിശ്ചിതമായി നീണ്ടുപോവുകയാണ്. അതുകൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാവുന്ന നഷ്ടങ്ങള്‍ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നാണു പരാതി. സഖാവ് ഇപിയെ മന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിയില്‍ ആരും എതിരല്ല. നിറഞ്ഞ സന്തോഷം മാത്രമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയാണ് അദ്ദേഹം. സഖാവ് ഇപി മറ്റു നേതാക്കളെപ്പോലെയല്ല. ഇടയ്ക്കിടെ ബുദ്ധിപരമായ ചില തമാശകള്‍ പൊട്ടിക്കുകയും ഭാവനാപരമായ ചില നടപടികള്‍ എടുക്കുകയും ചെയ്യാറുണ്ട്. ബുദ്ധി തീരെ ഇല്ലാത്ത സാധാരണ ജനങ്ങള്‍ക്ക് ഇതൊട്ടും രസിക്കാറില്ല. ആ സമയത്ത് സഖാവ് ഇപിയോടു കോപം പ്രകടിപ്പിച്ചുനില്‍ക്കുന്ന നേതാക്കളില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടും. അത്രയേയുള്ളു. സഖാവ് ഇപിയെ വിട്ടൊരു കളി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരിക്കും ഇല്ല. അതു നല്ലപോലെ ഇപിക്കും കുടുംബത്തിനുമറിയാം.
ആരെ മാറ്റിയാണ് ഇപിയെ ഉള്‍പ്പെടുത്തുക എന്നതാണ് പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ തലവേദന. ഇപിയെ മാറ്റിയപ്പോള്‍ പകരക്കാരനായി എം എം മണിയാശാനെയാണ് മന്ത്രിയാക്കിയത്. വകുപ്പ് മൊയ്തീനു നല്‍കി. അന്നു ബന്ധുനിയമനം വിവാദമായപ്പോഴാണ് ഇപിയെ മന്ത്രിപദവിയില്‍ നിന്നു മാറ്റിയത്. താല്‍ക്കാലിക സംവിധാനം എന്ന നിലയ്ക്കാണ് അദ്ദേഹത്തിന് ഒരിക്കലും താങ്ങാനാവാത്ത മന്ത്രിഭാരം ഏല്‍പിച്ചത്. തന്റെ വിപ്ലവനാവുകൊണ്ട് എതിരാളികളെ മലര്‍ത്തിയടിക്കുന്ന വേളയിലാണ് മണിയാശാന്റെ തലയില്‍ ഇങ്ങനെയൊരു ഭാരം വന്നത്. വിദ്യാഭ്യാസവും ഭരണപരിചയവും കുറവും അനുഭവം കൂടുതലുമുള്ള എം എം മണി വിദ്യുച്ഛക്തി വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ക്കൊക്കെ തെറ്റി. മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപോര്‍ട്ടനുസരിച്ച് മികച്ച പ്രകടനം നടത്തുന്ന മന്ത്രിയാണ് മണിയാശാന്‍. ഇടതടവില്ലാതെ മഴപെയ്ത് ഡാമുകളൊക്കെ നിറഞ്ഞത് വിദ്യുച്ഛക്തി മന്ത്രിയുടെ നേട്ടം തന്നെയല്ലേ? ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേളയില്‍ ഒരു സെക്കന്റ് നേരം പോലും പവര്‍കട്ട് വേണ്ടിവന്നില്ല. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ വിദ്യുച്ഛക്തി മന്ത്രി പദവിയില്‍ നിന്നു മാറ്റും? പ്രോഗ്രസ് റിപോര്‍ട്ടില്‍ താഴ്ന്ന സ്ഥാനത്തുണ്ടായിരുന്ന ആരോഗ്യമന്ത്രി നിപാ പ്രതിരോധപ്രവര്‍ത്തനത്തിലൂടെ മുന്നിലെത്തുകയും ചെയ്തു. അമേരിക്കന്‍ അവാര്‍ഡ് കൂടി ലഭിച്ചതോടെ അവരുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു.
മന്ത്രിക്കുപ്പായം തുന്നിച്ച്് തെക്കുവടക്കു നടക്കുന്ന മറ്റൊരാള്‍ ഭരണപക്ഷത്തെ ജനതാദളിലുള്ള കെ കൃഷ്ണന്‍കുട്ടി അവര്‍കളാണ്. പ്രായംകൊണ്ടും പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിനു മന്ത്രിപദവിക്ക് തീര്‍ച്ചയായും അര്‍ഹതയുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്യു ടി തോമസ് കസേര ഈ വയസ്സന് ഒഴിഞ്ഞുകൊടുക്കുമെന്ന് പാവം കൃഷ്ണന്‍കുട്ടി വിചാരിച്ചിരുന്നു.
പാര്‍ട്ടിയില്‍ ആകെ മൂന്ന് എംഎല്‍എമാരാണുള്ളത്. അതില്‍ സി കെ നാണുവും കൃഷ്ണന്‍കുട്ടിയും ഇപ്പോള്‍ ഒരു ഭാഗത്താണ്. പ്രായം കൂടിയവര്‍ ഒരുമിച്ചുനില്‍ക്കുന്നതു സ്വാഭാവികം. കൃഷ്ണന്‍കുട്ടിക്ക് മന്ത്രിപദവി കിട്ടിയില്ലെങ്കില്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ച് എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയിലേക്കു പോവാന്‍ തയ്യാറായി നില്‍പ്പാണ്. പക്ഷേ, വീരന്റെ പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതല്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കു പ്രവേശിപ്പിച്ചിട്ടില്ല. അതിനു മുമ്പ് അതില്‍ ചേര്‍ന്നാല്‍ ഒരു മന്ത്രിസ്ഥാനം ആ പാര്‍ട്ടിക്കു വാങ്ങിയെടുക്കാലോ? എംഎല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു പ്രമുഖ ദേശീയ പത്രവും ചാനലും ഉള്ളതിനാല്‍ ഒരു മന്ത്രിപദവി മുന്നണി ഇവര്‍ക്കു നല്‍കാതിരിക്കില്ല. അതിനാല്‍ കൃഷ്ണന്‍കുട്ടിയുടെ തന്ത്രകുതന്ത്രങ്ങള്‍ വിജയത്തിലെത്തും. എം പി വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ പാര്‍ട്ടിയായ ലോക് ജനതാന്ത്രിക് പാര്‍ട്ടിക്ക് ഇതു വലിയ ഗുണം ചെയ്യും. കേരളത്തിന് കര്‍ഷകതാല്‍പര്യങ്ങള്‍ നന്നായി അറിയുന്ന ഒരു മന്ത്രിയെ കിട്ടും.                                                             ി
Next Story

RELATED STORIES

Share it