മന്ത്രിമാരുമായി ഇടപെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുമായി ഇടപെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
പി എസ് ആന്റണി കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്. കെഎസ്ആര്‍ടിസിയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്കും പിന്നീട് കുറ്റവിമുക്തനായി തിരികെ മന്ത്രിസഭയിലേക്കും വഴിതുറന്ന ഫോണ്‍കെണി വിവാദം അന്വേഷിക്കാനായാണ് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തടയണമെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം കൊണ്ടുവരണമെന്നും കമ്മീഷന്‍ റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി ഇടപെടുമ്പോള്‍ നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കും. അതേസമയം, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി സംഭവങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുഖ്യപങ്കുള്ള സാഹചര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും വ്യാജ പ്രചാരണം നടത്തുന്നുവെന്നും പലപ്പോഴും മുഖ്യമന്ത്രി ആരോപിച്ചിട്ടുള്ളതാണ്. ഇതിനെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതെന്നും ആരോപണമുണ്ട്. സണ്ണി ജോസഫ് എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it