kannur local

മന്ത്രവാദ ചികില്‍സ: മരണങ്ങളില്‍ ദുരൂഹതയെന്ന്

കണ്ണൂര്‍സിറ്റി: മധ്യവയസ്‌കന്‍ മരണപ്പെട്ടത് മന്ത്രവാദത്തെ ആശ്രയിച്ച് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നെന്നു സം ശയം. കണ്ണൂര്‍ സിറ്റി കൊടപ്പറമ്പ് റോഡിലെ ചികില്‍സാ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഇഞ്ചിക്കല്‍ അന്‍വര്‍ എന്നയാള്‍ മരണപ്പെട്ടത്.
ഇയാള്‍ക്ക് അസുഖമുണ്ടായിട്ടും ചികില്‍സിക്കാന്‍ വിടാതെ മന്ത്രവാദ ചികില്‍സ നടത്തിയതോടെ രോഗം മൂര്‍ഛിച്ചാണ് മരണപ്പെട്ടതെന്നാണ് പരിസരവാസികളുടെ ആരോപണം. കടുത്ത പനി കാരണം ബുദ്ധിമുട്ടിയ അന്‍വറിനെ സഹോദരങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ചികില്‍സാ കേന്ദ്രത്തിലുള്ളവര്‍ വിസമ്മതിച്ചത്രെ. നേരത്തെയും ഇവിടെ ഇത്തരത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഒരു വീട്ടിലെ കുടുംബാംഗങ്ങളായ രണ്ടു മതാധ്യാപകരും സ്ത്രീയുമാണ് ഖുര്‍ആന്‍ ചികില്‍സയെന്ന പേരില്‍ മന്ത്രവാദ ചികില്‍സ നടത്തുന്നത്.
ഈ കുടുംബത്തിലെ മൂന്നുപേരാണ് ഇതിനുമുമ്പ് മരണപ്പെട്ടത്. 60 വയസ്സുള്ള ഒരു സ്ത്രീയും ഒരു മധ്യവയസ്‌കനും മൂന്നു വയസ്സുള്ള കുട്ടിയും മരണപ്പെട്ടത് ചികില്‍സ കിട്ടാതെയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മരണപ്പെട്ട അന്‍വര്‍ ഇവരുടെ ബന്ധുവാണ്. രോഗം വന്നാല്‍ ആശുപത്രിയിലോ വിദഗ്ധ ഡോക്്ടറെയോ സമീപിക്കാതെ അവശരായി മരണപ്പെടുകയാണെന്നാണ് പരിസരവാസികളും പറയുന്നത്. കുടുംബാംഗങ്ങളെല്ലാം മന്ത്രവാദ ചികില്‍സയെ പിന്തുണയ്ക്കുന്നതിനാല്‍ ആരും പരാതിയുമായി രംഗത്തുവന്നിട്ടില്ല.
കുടുംബത്തില്‍ തന്നെ ചികില്‍സയെ എതിര്‍ത്ത യുവാവ് കുറച്ചുകാലമായി വാടക വീട്ടിലാണു താമസം. കേന്ദ്രത്തില്‍ ഫോണ്‍ വഴി പല സ്ഥലങ്ങളില്‍നിന്നും ചികില്‍സ തേടാറുണ്ടെന്നും പറയപ്പെടുന്നു. മധ്യവയസ്‌കന്റെ മരണത്തോടെ പ്രദേശവാസികള്‍ കേന്ദ്രത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it