kozhikode local

മന്തുരോഗം: ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച അഞ്ചു കെട്ടിടങ്ങള്‍ അടച്ചുപൂട്ടി

കുറ്റിയാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ മന്ത് രോഗം റിപോര്‍ട്ട് ചെയ്ത അഞ്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് ഉത്തരവിട്ടു. അമ്മത് വട്ടക്കണ്ടി, മണാട്ടില്‍ മുസ്തഫ, കുനിയയില്‍ അസീസ്, ഷൗക്കത്ത് മണാട്ടില്‍ താഴെ, ഹമീദ് തുണ്ടിയില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് ദുരന്തനിവാരണ ആക്റ്റ് പ്രകാരം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലും പരിസര പ്രദേശങ്ങളിലും 75 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം റിപോര്‍ട്ട് ചെയ്തിരുന്നു.
യാതൊരു അടിസ്ഥാന സൗകര്യവും ശുചിത്വവുമില്ലാത്ത കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ തിങ്ങി പാര്‍പ്പിക്കുന്നതെന്ന ആരോപണവുമായി നാട്ടുകാര്‍ സംഘടിച്ചിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നല്‍കിയിരുന്നു.അതിനിടെ കെട്ടിടത്തിലെ കക്കൂസ് ടാങ്കുകളിലെ മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് പ്രദേശം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. ഇതുവരെയായിട്ടും കെട്ടിട ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 (6), 58 (1) , (2) എന്നിവ പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി കെട്ടിടങ്ങള്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.അതിനിടെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഗരിമ പദ്ധതിയെ കെട്ടിട ഉടമകള്‍ ഇതര സംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി കളങ്കപ്പെടുത്താനും ശ്രമവും ഉണ്ടായതായി പറയപ്പെടുന്നു.
Next Story

RELATED STORIES

Share it