മനോരോഗികള്‍ക്കുള്ള മരുന്നുംലഹരിക്കായി ഉപയോഗിക്കുന്നു

സുനു ചന്ദ്രന്‍

ആലത്തൂര്‍ആലത്തൂര്‍: സംസ്ഥാനത്ത് മനോരോഗികള്‍ക്കുള്ള മരുന്ന് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വ്യാപകമാവുന്നു. ഇത്തരത്തിലുള്ള ലഹരിവസ്തുക്കള്‍ കൂടുതലും സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥികളാണെന്നതാണ് വസ്തുത. ഈ മരുന്നുകള്‍ ഡോക്ടറുടെ പുതിയ കുറിപ്പില്ലാതെ കൊടുക്കരുതെന്നാണ് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം. എന്നാല്‍, പല മെഡിക്കല്‍ സ്‌റ്റോറുകളിലും പരിചയത്തിന്റെ പേരില്‍ ഇവ നല്‍കുന്നതായാണ് വിവരം. ഇതു ചൂഷണം ചെയ്യുന്നത് ഇത്തരത്തിലുള്ള ലഹരി മാഫിയകളാണ്. സംസ്ഥാനത്ത് സ്റ്റിക്കര്‍ രൂപത്തില്‍ ലഹരിവസ്തുക്കള്‍ നേരത്തേ വ്യാപകമായിരുന്നു. എല്‍എസ്ഡി എന്ന ഓമനപ്പേരില്‍ സ്റ്റിക്കര്‍ മോഡലിലും സ്റ്റാംപ് രൂപത്തിലും മൊബൈല്‍ റീചാര്‍ജ് കൂപ്പണിന്റെ രൂപത്തിലുമാണ് ഇത്തരം ലഹരിവസ്തുക്കള്‍ വ്യാപകമായിരിക്കുന്നത്. ഇതൊരു ചൈനീസ് ലഹരി ഉല്‍പന്നമാണ്. വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഉപഭോക്താക്കളായി ലക്ഷ്യമിട്ടിരുന്നത്. ഒറ്റനോട്ടത്തില്‍ സ്റ്റിക്കറെന്നോ സ്റ്റാംപെന്നോ മൊബൈ ല്‍ റീചാര്‍ജ് കൂപ്പണെന്നോ തോന്നിക്കും. ഇത്തരത്തിലുള്ള വിദേശ നിര്‍മിത ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്ന മാഫിയകള്‍ക്കെതിരേ നടപടിയെടുത്തതോടെയാണ് ലഹരിമാഫിയ പുതിയ പരീക്ഷണ രീതി നടത്തിയിരിക്കുന്നത്. ഇത്തരം സാധനങ്ങള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ കണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിതാക്കള്‍ വിവരമറിയിക്കണം. അതുപോലെ തന്നെ സ്‌കൂള്‍ തലങ്ങളില്‍ മാനേജ്‌മെന്റുകളും രക്ഷകര്‍തൃ സമിതികളും ചേര്‍ന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. മദ്യം, കഞ്ചാവ്, ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ബോധവല്‍ക്കരണ ക്ലാസുകളും റെയ്ഡുകളും നടത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പുതിയ രീതികളുമായി മയക്കുമരുന്നു മാഫിയ പിടിമുറുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ കൂടാതെ വനിതാ അധ്യാപകരെ ഉള്‍പ്പെടെ മയക്കുമരുന്നു മാഫിയ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ രഹസ്യ റിപോര്‍ട്ട്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇത്തരം മരുന്ന് വില്‍ക്കുന്നതിന് പ്രത്യേക മാനദണ്ഡം കൊണ്ടുവരാന്‍ നീക്കമുണ്ടെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it