മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ 12 വരെ നീട്ടി

ന്യൂഡല്‍ഹി: മാവോവാദിബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി ഈ മാസം 12 വരെ നീട്ടി. വിഷയത്തില്‍ സുപ്രിംകോടതി മഹാരാഷ്ട്ര പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചു.
കേസ് അന്വേഷിക്കുന്ന പൂനെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുപ്രിംകോടതിക്കെതിരേ തെറ്റായ സൂചനകള്‍ നല്‍കിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചു.
മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളുടെ പോലിസിനെ കോടതിയുടെ മുന്നിലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. നിങ്ങളുടെ പോലിസുകാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെടണം. ഈ വിഷയം കോടതിക്കു മുന്നിലുള്ളതാണ്.
സുപ്രിംകോടതി തെറ്റാണു ചെയ്യുന്നതെന്ന് പോലിസുകാര്‍ വിളിച്ചുപറയുന്നത് കോടതിക്ക് കേട്ടുകൊണ്ടിരിക്കാനാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി പറഞ്ഞു.
അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തുഷാര്‍ മേത്ത വാദിച്ചു. എങ്കിലും കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 12 വരെ ഇവരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it