മനുഷ്യാവകാശ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതിനെതിരേ പ്രതിഷേധ സംഗമം

കോഴിക്കോട്: ഭീമ-കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം സംഘടിപ്പിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു തടങ്കലില്‍ വച്ചതിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നു ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കവി വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധ ഭരദ്വാജ്, ഗൗതം നൗഖാല ഈ വിഷയവുമായി ബന്ധപ്പെട്ട് മുമ്പുതന്നെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന റോണ വില്‍സണ്‍ എന്നിവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ഭീമ-കൊരേഗാവില്‍ ഒത്തുചേര്‍ന്ന ദലിതര്‍ക്കെതിരേ സംഘപരിവാരം ആക്രമണം നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‌തെങ്കിലും അക്രമികള്‍ക്കെതിരേ നടപടിയെടുക്കാതെ മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്ന നടപടിയാണു കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതിനെതിരേ നാളെ വൈകീട്ട് അഞ്ചിന് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നടക്കുന്ന പ്രതിഷേധ പരിപാടി കെഇഎന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രഫ. പി കോയ, അഡ്വ. പി എ പൗരന്‍, എം എന്‍ രാവുണ്ണി, പി സി ഉണിച്ചെക്കന്‍, ഡോ. ആസാദ്, ഹമീദ് മാസ്റ്റര്‍, കെ എച്ച് നാസര്‍, കെ എസ് ഹരിഹരന്‍, മിര്‍സാദ് റഹ്മാന്‍, കെ കെ മണി, എം കെ ദാസന്‍, അംബിക, എസ് രവി, ജമീല ടീച്ചര്‍, സമദ് കുന്നക്കാവ്, ഡോ. പി ജി ഹരി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അശ്‌റഫ് കുരുവട്ടൂര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ വാസു, പി പി ഷാന്റോ ലാല്‍, എ എം നദ്‌വി, പി ഷജില്‍കുമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it