മനുഷ്യാവകാശ കമ്മീഷന് പോലിസ് അസോസിയേഷന്റെ പരിഹാസം

കോഴിക്കോട്: പോലിസുകാരുടെ ശമ്പളത്തില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വാട്‌സ്ആപ്പില്‍ വരുന്ന വ്യാജ പ്രചാരണം പോലെയെന്ന് പോലിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാറിന്റെ പരിഹാസം. പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവിവരം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കമ്മീഷനെ പരിഹസിച്ചത്.
സംസ്ഥാന പോലിസുകാരുടെ അനുമതി വാങ്ങിയാണ് ശമ്പളത്തില്‍ നിന്നു പിരിക്കുന്നത്. സമ്മതമല്ലാത്തവരില്‍ നിന്ന് പൈസ ഈടാക്കില്ല. സോഷ്യല്‍മീഡിയ വഴി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നപോലെയാണ് കമ്മീഷന്‍ ഉത്തരവ് ഇടുന്നത്. കേരളാ പോലിസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് റിപോര്‍ട്ട് ഉള്ളതായി തങ്ങള്‍ക്കറിയില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ മേലധികാരികള്‍ അതിനെക്കുറിച്ച് വിശദീകരണം ചോദിക്കുമായിരുന്നുവെന്നും കേരളാ പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സംഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം നടത്തും. 1980 മുതല്‍ സമ്മേളനത്തില്‍ നടത്താറുള്ള അനുസ്മരണം ഇത്തവണയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് അനുസ്മരണം ഉണ്ടായിരുന്നോ എന്നറിയില്ല. സ്തൂപത്തില്‍ 'സേനയ്ക്ക് വേണ്ടി മരിച്ച രാജ്യത്തെ പോലിസുകാര്‍ക്കായുള്ള അനുസ്മരണം' എന്ന് എഴുതി വയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ടി എസ് ബൈജു, സ്വാഗതസംഘം ചെയര്‍മാന്‍ എ പി രതീഷ്, കണ്‍വീനര്‍ എ വിജയന്‍, എസ് ഷൈജു, സണ്ണി, കെ മാര്‍ട്ടിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it