മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: 20 വര്‍ഷത്തോളം തിരുവനന്തപുരം ഹോമിയോ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്ത അധ്യാപകരെ പിരിച്ചുവിട്ട നടപടിയില്‍ അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. ഐരാണിമുട്ടം ഹോമിയോ കോളജില്‍ നിന്നും 11 അധ്യാപകരെയാണ് പിരിച്ചുവിട്ടത്. അധ്യാപനം, പ്രായോഗിക ക്ലാസുകള്‍, ഒപി, ഐപി എന്നീ ജോലികള്‍ ഇവരാണ് ചെയ്യേണ്ടത്. 2010 മുതല്‍ കോളജില്‍ നടക്കുന്ന എല്ലാ പരിശോധനകളിലും ഇവരെയും ഫാക്കല്‍റ്റിയായി ഉള്‍പ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇപ്രകാരമാണ് കോളജിന്റെ അംഗീകാരംപോലും നിലനിര്‍ത്തിയിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നതിനു വേണ്ടിയാണ് ഡോക്ടര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതി
Next Story

RELATED STORIES

Share it