മനാഫ് വധക്കേസ്: അപ്പീലില്‍ രണ്ടാഴ്ചയ്ക്കുശേഷം വാദംകേള്‍ക്കും

കൊച്ചി: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ രണ്ടാഴ്ചയ്ക്കു ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. പി വി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവരെ വെറുതെവിട്ട മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
അപ്പീല്‍ ഫയല്‍ ചെയ്യാനുണ്ടായ കാലതാമസം ഇളവുചെയ്യണമെന്ന അപേക്ഷ പരിഗണിച്ച കോടതി ഇന്നലെ ഇക്കാര്യത്തില്‍ ആരോപണവിധേയരുടെ അഭിപ്രായം തേടി. മഞ്ചേരി കോടതി വിധിക്കെതിരായ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹരജിയും അടുത്തദിവസം കോടതി പരിഗണിക്കും. 1995 ഏപ്രില്‍ 13നാണ് പി വി അന്‍വറിന്റെ വീടിനു സമീപം ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാംപ്രതിയായിരുന്നു പി വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്.
സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ഉണ്ണി മുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it