മധ്യപ്രദേശ് കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്

ഭോപാല്‍: മധ്യപ്രദേശില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ മറ്റൊരു സമരം കൂടി അണിയറയില്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷമാണ് മന്ദ്‌സൗറില്‍ പോലിസ് വെടിവയ്പില്‍ ആറു പേര്‍ മരിച്ചത്. അതേ സ്ഥലത്തു നിന്നുതന്നെയാണ് പുതിയ കര്‍ഷക പ്രക്ഷോഭവും തുടക്കമിടുന്നത്.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ അടുത്ത മാസം സമരം തുടങ്ങുന്നത്. ജൂണ്‍ 1 മുതല്‍ 10 വരെ രാജ്യത്താകമാനം ഗ്രാമബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ വെടിയേറ്റ് മരിച്ചുവീണ ജൂണ്‍ 6 വഞ്ചനാദിനമായി ആചരിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് കണ്‍വീനര്‍ ശിവകുമാര്‍ ശര്‍മ കക്കാജി അറിയിച്ചു. പ്രക്ഷോഭത്തിന് രാജ്യത്തെ 170 കര്‍ഷക സംഘടനകളുടെ പിന്തുണയുണ്ട്. ജൂണ്‍ 1 മുതല്‍ 10 വരെ കര്‍ഷകര്‍ അവധിയെടുക്കും. കര്‍ഷകര്‍ ഗ്രാമങ്ങളില്‍ കഴിച്ചുകൂട്ടുകയും നഗരങ്ങളിലെ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ വിതരണം നിര്‍ത്തുകയും ചെയ്യും. മന്ദ്‌സൗര്‍ വെടിവയ്പിനു ശേഷം സംസ്ഥാനത്ത് 800ലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ശര്‍മ പറഞ്ഞു. മധ്യപ്രദേശില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക പ്രക്ഷോഭം ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു തലവേദനയാകും.
അതേസമയം, സര്‍ക്കാര്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്തതിനാല്‍ പുതിയ പ്രക്ഷോഭം യാതൊരു ഫലവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ബിജെപി കിസാന്‍ മോര്‍ച്ച അധ്യക്ഷന്‍ രണ്‍വീര്‍ സിങ് റാവത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it