Flash News

മധ്യകേരളം വെള്ളത്തില്‍മഴയില്‍ 11 മരണംകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇന്നലെ 11 പേര്‍ കൂടി മരിച്ചു. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കൊല്ലം, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായാണ് 11 പേര്‍ മരിച്ചത്.
കൊല്ലം ജില്ലയില്‍ രണ്ടുപേരാണ് മരിച്ചത്. വെള്ളക്കെട്ട് നിറഞ്ഞ വീട്ടിലെ എര്‍ത്ത് ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിയും കാറ്റില്‍ വീടിന്റെ പുറത്ത് വീണ മരം മുറിച്ചുമാറ്റുന്നതിനിടെ പോലിസുകാരനും മരിച്ചു. തേവലക്കര കൂഴംകുളങ്ങര വടക്കതില്‍ (വൈഷ്ണവം) വീട്ടില്‍ രാധാകൃഷ്ണപിള്ളയുടെയും ശ്രീലേഖയുടെയും മകന്‍ അനൂപ് (കണ്ണന്‍- 12), തേവലക്കര കോയിവിള അജിഭവനത്തില്‍ ബെനഡിക്റ്റ് (46) എന്നിവരാണ് മരിച്ചത്.
കനത്ത മഴയില്‍ ഇന്നലെ പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ മരിച്ചു. തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റോതറ കല്ലുവെട്ടുകുഴിയില്‍ മനോഹരന്റെ മകന്‍ മനോജ് കുമാര്‍ (43) ആണ് ജലനിരപ്പുയര്‍ന്ന വരട്ടാറില്‍ മുങ്ങിമരിച്ചത്. ശബരിമല തീര്‍ത്ഥാടകനെ പമ്പയില്‍ വീണ് കാണാതായി. ആലപ്പുഴ കനാല്‍വാര്‍ഡ് സന്ധ്യാഭവന്‍ ഗോപകുമാറി(31)നെയാണ് കാണാതായത്.  കോന്നി അട്ടച്ചാക്കലിന് സമീപം മൂന്നുദിവസം മുമ്പ് കാണാതായ വകയാര്‍ കൈതക്കര തടത്തുകാലായില്‍ ബൈജുവിനെ ഇന്നലെയും കണ്ടെത്താനായില്ല.
ഇടുക്കിയിലും മഴ ശക്തമായി തുടരുകയാണ്. മണ്ണിടിഞ്ഞ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. പൊന്‍മുടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍ നിശ്ചലമായി.
കോട്ടയം ജില്ലയില്‍ ഇന്നലെ മാത്രം മൂന്നുപേര്‍ മരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി മൂലേപ്ലാവ് ആറ്റുപുറത്ത് വീട്ടില്‍ ശിവന്‍കുട്ടി (50) പഴയിടം വലയില്‍പ്പടി ഷാപ്പിന് സമീപത്തെ കൈത്തോട്ടില്‍ വീണ് മരിക്കുകയായിരുന്നു. ഭരണങ്ങാനത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് ഗൃഹനാഥനായ മേലമ്പാറ കുന്നത്ത് വാവച്ചന്റെ മകന്‍ കെ വി ജോസഫ് (58) മരിച്ചത്. നാഗമ്പടം ക്ഷേത്രത്തിന് സമീപം കൊല്‍ക്കത്ത സ്വദേശിഷിബു അധികാരി (36)യെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.  ഇന്നലെ വൈകീട്ട് കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി ക്രഷര്‍ ഭാഗത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന രണ്ടുപേരെ കാണാതായി. ക്രഷര്‍ യൂനിറ്റില്‍ റൂഫ് വര്‍ക്കിന്റെ പണിക്കായി വന്ന അടൂര്‍ സ്വദേശികളായ പ്രവീണ്‍, ഷാഹുല്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കോരുത്തോട് അഴുതാ നദിയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ ദീപു എന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്.
അതേസമയം, പെരുവയില്‍ അജ്ഞാതനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയായ പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി. പാല, ഈരാറ്റുപേട്ട, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കുമരകം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി.
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സഹോദരങ്ങളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ 14കാരന്‍ മുങ്ങിമരിച്ചു. ചങ്ങരംകുളം കാഞ്ഞിയൂര്‍ മരമില്ലിനു സമീപം കീഴ്ത്താലില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ അദലാന്‍ (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹോദരനുമൊത്ത് വളയംകുളം പറയംകുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.  മൂക്കുതല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പേര്യ 38ല്‍ കാണാതായ തയ്യുള്ളതില്‍ അയ്യൂബ്-റസീന ദമ്പതികളുടെ മകന്‍ അജ്മലിന്റെ (ഏഴ്) മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നോടെ പേര്യ 38ല്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ വരയാല്‍ 42ാം മൈലിലെ തോട്ടില്‍നിന്നാണ് കണ്ടെടുത്തത്.
കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത പെരിങ്ങത്തൂരില്‍ വീട്ടമ്മ വയലിലെ കുളത്തില്‍ വീണ് മരിച്ചു. കരിയാട് കാഞ്ഞിരക്കടവിനടുത്ത മുക്കാളിക്കരയില്‍ വലിയത്ത് ബാപ്പുവിന്റെ ഭാര്യ നാണി(68)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. മക്കള്‍: വിജയന്‍, മനോജ്, സുനില്‍. മരുമക്കള്‍: മോളി, ഷീന, മായ.
Next Story

RELATED STORIES

Share it