palakkad local

മധു: പ്രതിഷേധം അണയുന്നില്ല

മണ്ണാര്‍ക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അണയുന്നില്ല. ഇന്നലെയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആദിവാസി യുവാവ് മധുവിന്റെ മരണത്തിന് ഉത്തരവാദിയായ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുക, ആദിവാസുകളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുക്കാലിയില്‍ നൂറുകണക്കിനു ആദിവാസികള്‍ റോഡ് ഉപരോധിച്ചു. പ്രത്യേകിച്ചൊരു നേതാവില്ലാതെ നടത്തിയ സമരം ഏറെ വികരാഭരിതമായിരുന്നു. പോലിസിനും വനം വകുപ്പിനും കുടിയേറ്റക്കാര്‍ക്കുമെതിരേ ചൂടന്‍ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. നിശ്ചിത ഇടവേളയില്‍ മുദ്രാവാക്യത്തിന്റെ സ്വഭാവം മാറി കൊണ്ടിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്ന് കൊലയ്ക്ക് വിട്ടവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. വിറക് വെട്ടാന്‍ കാട്ടില്‍ പോയവര്‍ക്കെതിരേ കേസെടുക്കുന്ന വനം വകുപ്പ് മധുവിനെ പിടിച്ചുകൊണ്ടു വന്നവര്‍ ക്കെതിരെ എന്തു കൊണ്ടു കേസ് എടുക്കിന്നില്ലന്ന് സമരക്കാര്‍ ചോദിച്ചു.
ആദിവാസിയുടെ വോട്ട് വാങ്ങി പോവുന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കുന്നില്ലന്ന് സമരക്കാര്‍ ആരോപിച്ചു. ഇത് ഇനി നടക്കില്ലന്നും അവര്‍ പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച സമരത്തില്‍ കൈകുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിനു സ്ത്രീകളും കുട്ടികളും മുതിര്‍ന്നവും പങ്കെടുത്തു. സമരത്തിന്റെ തുടക്കത്തില്‍ പോലിസ് വാഹനം ഉള്‍പ്പടെ തടഞ്ഞാണ് സമരം മുന്നേറിയത്. എന്നാല്‍ പിന്നീട് മുതിര്‍ന്നവര്‍ ഇടപെട്ട് പോലിസ് വാഹനങ്ങള്‍ ഒഴിവാക്കി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അഗളിയിലേക്ക് പോകാനായി മുക്കാലിയിലെത്തിയങ്കിലും അവരെയാരെയും കടത്തി വിട്ടില്ല. പാല്‍വാഹനം പോലും ഏറെ നേരം തടഞ്ഞിട്ടു. ഇതിനിടെ ആശുപത്രിയിലേക്ക് പോവാനെത്തിയ ആളെ കടത്തിവിടുന്നതിനിടെ സമരക്കാരിലൊരാള്‍ വാഹനത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു. പോലിസ് മറുഭാഗത്ത് മറ്റൊരു വാഹനം ഏര്‍പ്പാട് ചെയത് ആശുപത്രിയിലാക്കി. മധുവിന്റെ ഊരിലെയും സമീപ ഊരുകളിലുള്ളവരാണ് മുക്കാലിയില്‍ പ്രതിഷേധവുമായെത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം ഉച്ചയ്ക്കു ശേഷമാണ് അഗളിയില്‍ മധുവിന്റെ ഊരിലെത്തിച്ചത്. ഇതിനിടെ മുക്കാലിയില്‍ അല്‍പ സമയം ആംബുലന്‍സ് തടഞ്ഞുവച്ചു. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ആദിവാസികള്‍ ആംബുലന്‍സ് തടഞ്ഞത്. പോലിസ് പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികള്‍ക്കെതിരേ നടപടിയെടുത്തെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെ ആംബുലന്‍സ് കടത്തിവിടുകയും ചെയ്തു. തുടര്‍ന്ന് ചിണ്ടക്കി ഊരില്‍ സന്ധ്യയോടെ മൃതദേഹം സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it