മധുവിന്റെ കൊലപാതകത്തില്‍ കുറ്റമറ്റ അന്വേഷണം: മുഖ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോവുന്നുണ്ടെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കി. ചിണ്ടക്കി ഊരിലേക്കുളള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കും. കുടിവെള്ളപ്രശ്‌നം പരിഹരിക്കാനുള്ള നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഇന്നലെ രാവിലെ 10.30ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ കെ ശൈലജ തുടങ്ങിയവര്‍ ചിണ്ടക്കി ഊരിലെത്തിയത്. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. സായുധരായ പോലിസിന്റെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെയെത്തിയതും മടങ്ങിയതും. മധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളില്‍ ഉദ്യോഗസ്ഥതല യോഗവും ചേര്‍ന്നു. ആദിവാസികള്‍ക്ക് കൂട്ടമായി താമസിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാവും ഇനി ഭൂമി വിതരണം ചെയ്യുകയെന്നും കൃഷി സ്ഥലം പ്രത്യേകമായി നല്‍കുമെന്നും മുഖ്യമന്ത്രി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദിവാസികള്‍ക്ക്  ഭൂമി വിതരണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കും. റാഗി, ചോളം അടക്കമുള്ള ധാന്യങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്യും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. റാഗി, ചോളം കൃഷിക്ക് ആദിവാസികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതി കൊണ്ടുവരും. തൊഴിലുറപ്പു പദ്ധതി വഴി എല്ലാ ആദിവാസികള്‍ക്കും 200 തൊഴില്‍ദിനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആദിവാസിമേഖലകളില്‍ വിവിധ വകുപ്പുകളുടെ പദ്ധതികളുടെ ഏകോപനത്തിനായി പ്രൊജക്റ്റ് ഓഫിസറെ നിയമിക്കും. സമൂഹ അടുക്കള പദ്ധതി മുടങ്ങില്ലെന്ന് ഉറപ്പുവരുത്തും. റേഷന്‍കടകളിലെ ധാന്യങ്ങള്‍ മെച്ചപ്പെട്ടതല്ലെന്ന പരാതി പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മധുവിനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി.
Next Story

RELATED STORIES

Share it