മധുവിന്റെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- എസ്ഡിപിഐ

മണ്ണാര്‍ക്കാട്: മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗം ഇ എസ് ഖ്വാജാ ഹുസയ്ന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി തുടങ്ങിയവര്‍ മധുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മധുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ പലതും ഒളിച്ചുവയ്ക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമിക്കുകയാണ്. മര്‍ദനമേറ്റ മധുവിനെ പോലിസ് ജീപ്പില്‍ കയറ്റി ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ദേഹാസ്വാസ്ഥ്യം വന്നതായും മരണം സംഭവിച്ചതായും പോലിസ് പറയുന്നത്. സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും മധുവിന് പോലിസില്‍ നിന്നു മര്‍ദനമേറ്റെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച മൂന്നു കാമറകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന വാദം സംശയാസ്പദമാണ്.
കൊലപാതകത്തെ തുടര്‍ന്ന് മര്‍ദനത്തില്‍ പങ്കില്ലാത്തവരും പ്രതിചേര്‍ക്കപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. ഒമ്പതു വര്‍ഷത്തോളം മാനസികാസ്വാസ്ഥ്യം ബാധിച്ച് മനുഷ്യരില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന മധുവിന് മതിയായ ചികില്‍സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ട്രൈബല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. മധുവിന്റെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. കെ പി അഷ്‌റഫ്, എ വൈ കുഞ്ഞുമുഹമ്മദ്, മേരി അബ്രഹാം, ഉസ്മാന്‍ അലനല്ലൂര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it