Editorial

മദ്യ അഴിമതിയില്‍ അന്വേഷണം വേണം

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം മദ്യത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുകയുണ്ടായില്ല. മുന്‍ സര്‍ക്കാര്‍ പൂട്ടിയ ബാറുകളൊക്കെയും തുറന്നു. ബിവറേജസ് കോര്‍പറേഷന്റെ വിതരണ കേന്ദ്രങ്ങള്‍ 10 ശതമാനം വച്ചു പൂട്ടിയത് പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ തുറന്നുകൊടുത്തു. അതിനൊക്കെ പുറമെ, ഇന്ത്യയില്‍ നിര്‍മിക്കുന്ന വിദേശമദ്യം പോരാതെ വരുന്നവര്‍ക്ക് നല്ല ഒന്നാന്തരം വിദേശി തന്നെ ഇറക്കുമതി ചെയ്ത് വിതരണകേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാന്‍ തുടങ്ങി. അങ്ങനെ മദ്യത്തിന്റെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കീശയില്‍ കാശുള്ള കാലത്തോളം ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം എന്ന മട്ടിലായിരുന്നു സ്ഥിതിഗതികള്‍.
മദ്യപരുടെ ക്ഷേമം തന്നെയാണ് ഇപ്പോള്‍ പുതുതായി മൂന്ന് ബിയര്‍ നിര്‍മാണശാലകളും പുറമെ ഒരു ഡിസ്റ്റിലറിയും അനുവദിക്കാനുള്ള തീരുമാനത്തിനു പിന്നിലും എന്നാണ് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നത്. കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന ബിയറും മദ്യവും പൂര്‍ണമായും ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലല്ല; സംസ്ഥാനത്തിനു പുറത്തുള്ള ബ്രൂവറികളും ഡിസ്റ്റിലറികളും നിര്‍മിക്കുന്ന ബിയറും മദ്യവും ഇവിടെ വിറ്റഴിക്കുന്നുണ്ട്. അതിനു പകരം സംസ്ഥാനത്തിന് അകത്തു തന്നെ ഉല്‍പാദിപ്പിച്ച് മദ്യമേഖലയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം സ്വീകരിച്ചത് എന്ന് രണ്ടുപേരും വ്യക്തമാക്കുന്നു. അത് സംസ്ഥാനത്തിനു കൂടുതല്‍ വരുമാനം ലഭ്യമാക്കും; പുറമെ ധാരാളം പേര്‍ക്കു തൊഴിലും. അതിനാല്‍, ജനങ്ങള്‍ ഇക്കാര്യത്തില്‍ എന്തിനു വേവലാതികൊള്ളണം എന്ന ചോദ്യമാണ് ഭരണാധികാരികളുടേത്.
ന്യായീകരണങ്ങള്‍ പരമരസമായിരിക്കുന്നു എന്നു മാത്രമേ പറയാന്‍ കഴിയൂ. കഴിഞ്ഞ 19 കൊല്ലമായി കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഭരണകൂടങ്ങള്‍ മാറിമാറി ഭരിച്ചപ്പോള്‍ അവര്‍ക്കൊന്നും തോന്നാത്ത ബുദ്ധിയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തലയില്‍ ഉദിച്ചിരിക്കുന്നത്. പക്ഷേ, എന്തിനാണ് ഈ സംഭവങ്ങള്‍ വളരെ രഹസ്യമായി കൈകാര്യം ചെയ്തത്? മദ്യത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുന്ന നയം ഉപേക്ഷിക്കുന്ന വിഷയം പരമരഹസ്യമായി ചെയ്യേണ്ടതല്ലല്ലോ. എന്തുകൊണ്ടാണ് ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കുന്നത്? സര്‍ക്കാരിനു കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് കൂടുതല്‍ മല്‍സരം നടക്കാന്‍ അനുവദിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്?
സത്യത്തില്‍ പരമരഹസ്യമായി ചില വേണ്ടപ്പെട്ടവര്‍ക്ക് മദ്യനിര്‍മാണത്തിനുള്ള അനുമതി നല്‍കി വമ്പിച്ച അഴിമതി നടത്താനുള്ള നീക്കമാണ് എക്‌സൈസ് വകുപ്പും അതിനെ നിയന്ത്രിക്കുന്ന സിപിഎം നേതൃത്വവും ചെയ്തത്. തങ്ങളുടെ രാഷ്ട്രീയശക്തികൊണ്ടും സംഘടനാശേഷികൊണ്ടും വിമര്‍ശനങ്ങളെ അടിച്ചൊതുക്കി കാര്യം കാണാമെന്നാണ് ഭരണാധികാരികള്‍ തീരുമാനിച്ചത്. അത് അംഗീകരിക്കാന്‍ സാധ്യമല്ല. മദ്യ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട സന്ദര്‍ഭമാണിത്.



Next Story

RELATED STORIES

Share it