wayanad local

മദ്യശാല പെരുവകയിലേക്ക് മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍



മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് പെരുവക റോഡില്‍ പുതിയ കെട്ടിടത്തിലേക്ക് രഹസ്യമായി മാറ്റാനുള്ള നീക്കം അണിയറയില്‍ ശക്തം. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. വള്ളിയൂര്‍ക്കാവ് റോഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇവിടെയെത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ മാത്രം സുരക്ഷിതമല്ലെന്നും അപകടാവസ്ഥയിലാണെന്നും  പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ റിപോര്‍ട്ട് നല്‍കിയിരുന്നു. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗവും റിപോര്‍ട്ട് നല്‍കി. പ്രദേശത്ത് സൗകര്യപ്രദമായ ചില കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. നിലവില്‍ പനമരം ഔട്ട്‌ലെറ്റ് കൂടി അടച്ചുപൂട്ടിയതോടെ മാനന്തവാടിയില്‍ തിരക്കും വ്യാപാരവും വര്‍ധിച്ചിരിക്കുകയാണ്. എപ്പോഴും തിരക്കേറിയ വള്ളിയൂര്‍ക്കാവ് റോഡില്‍ ഇതുകാരണം ഗതാഗതക്കുരുക്കും മദ്യപര്‍ തമ്മിലുള്ള വഴക്കും നിത്യസംഭവമാണ്. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സൈ്വരജീവിതവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടെ, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെയാണ് രഹസ്യമായി ഔട്ട്‌ലെറ്റ് മാറ്റാനുള്ള നീക്കം ആരംഭിച്ചത്. പെരുവക ഡിവിഷനില്‍പെട്ട കരിന്തിരിക്കടവ് റോഡിലെ പെരുവക ട്രാന്‍സ്‌ഫോര്‍മറിനടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഇവിടേക്ക് മാറ്റാനുള്ള നീക്കം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നതിനാലാണ്് തീരുമാനം നടക്കാതെ പോയത്. നിലവില്‍ തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പതിനഞ്ചോളം ആദിവാസി കോളനികളും മറ്റു നിരവധി കുടുംബങ്ങളും താമസിക്കുന്നതായി ഔട്ട്‌ലെറ്റിനെതിരേ നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീതി കുറഞ്ഞ റോഡും കെട്ടിടത്തിന്റെ ഒരുഭാഗത്തുള്ള പുഴയോരവും അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് മൂന്ന് ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ നടന്നുപോവുന്ന റോഡരികിലായി മദ്യഷാപ്പ് വരുന്നതോടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുവഴി പോവാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും എന്തുവിലകൊടുത്തും പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് വരുന്നതു തടയുമെന്നും ശശികുമാര്‍, അജിത്‌ലാല്‍, പി വി മജേഷ്, കെ ലിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it