Idukki local

മദ്യലഹരിയില്‍ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറി; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

തൊടുപുഴ: മദ്യലഹരിയില്‍ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ തൊടുപുഴ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാരെ സ്ഥലംമാറ്റി. കോടതി കേസ് വിഭാഗത്തിലെ ഡായി മാത്യുവിനെയാണ് ഇടുക്കി ആര്‍.ഡി.ഒ ഓഫിസിലേക്കു മാറ്റിയത്. കഴിഞ്ഞദിവസം വൈകിട്ട് 3.30ന് താലൂക്ക് ഓഫിസിലെത്തിയ ഡായി,  കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ ഡെപ്യൂട്ടി തഹസില്‍ദാരായ ബിനു ജോസഫിനെ അസഭ്യം പറഞ്ഞു. കൂടാതെ ഓഫിസിലെ വനിതാ ജീവനക്കാരടക്കമുള്ളവരോട് മോശമായും പെരുമാറി. ജീവനക്കാരില്‍ ചിലര്‍ കലക്ടറെ വിളിച്ച് പരാതി പറഞ്ഞു. തുടര്‍ന്ന് കലക്ടര്‍ തഹസില്‍ദാരെ വിളിച്ച് അന്വേഷിച്ചു. ഇതറിഞ്ഞ ചില സഹപ്രവര്‍ത്തകര്‍ ഡായിയെക്കൂട്ടി ഓഫിസിന് വെളിയിലേക്ക് കൊണ്ടുപോയി. അതേസമയം, ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയിട്ടും പോലിസില്‍ അറിയിക്കാനോ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനോ തഹസില്‍ദാര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഭവസമയത്ത് താന്‍ ഓഫിസില്‍ ഇല്ലായിരുന്നെന്നും ഔ—ദ്യോഗിക കാര്യത്തിനായ ഇലപ്പള്ളി വരെ പോയതായിരുന്നെന്നുമാണ് തഹസില്‍ദാര്‍ ഷൈജു പി ജേക്കബിന്റെ വിശദീകരണം. ഡായി മദ്യപിച്ചതിന് തെളിവില്ല. എന്നാല്‍ ജീവനക്കാരുടെയും ജനങ്ങളുടെയും പരാതിയെ തുടര്‍ന്ന് ഓഫിസിലെ മോശമായ പെരുമാറ്റത്തിനാണ് ഡായിയെ ജില്ലാ കലക്ടര്‍ സ്ഥലംമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മണല്‍, ക്വാറി മാഫിയകള്‍ക്ക് ഭീഷണിയായ ഇതേ ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ജോസഫിനെ രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കലക്്ടറേറ്റിലേക്ക് സ്ഥലം മാറ്റിയത്. പിറ്റേന്ന് തന്നെ കോട്ടയത്ത് നിന്ന് പുതിയ ഡെപ്യൂട്ടി തഹസില്‍ദാരെത്തി ചുമതലയേല്‍ക്കുകയും ചെയ്തു. നിയമപ്രകാരം ഒരു വര്‍ഷം കൂടി ബിനുവിന് ലോ റേഞ്ച് മേഖലയില്‍ ജോലി ചെയ്യാമെന്നിരിക്കെയാണ് പെട്ടെന്ന് സ്ഥലംമാറ്റിയത്. രണ്ട് വര്‍ഷമായി തൊടുപുഴ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്വാറികള്‍ക്കും മണല്‍കടത്തുകാര്‍ക്കുമെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഉേദ്യാഗസ്ഥനായിരുന്നു ബിനു. മണല്‍,ക്വാറി മാഫിയകള്‍ക്ക് തലവേദനയായ ബിനുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒടുവില്‍ മന്ത്രിതലത്തില്‍ ഇടപെട്ടാണ് ബിനുവിനെ സ്ഥലംമാറ്റിയതെന്നാണു സൂചന. ബിനുവിന്റെ സ്ഥലംമാറ്റം ആഘോഷിക്കാനായി തൊടുപുഴ മേഖലയിലെ നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന മണല്‍,ക്വാറി മാഫിയകള്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതില്‍ റവന്യൂ വിഭാഗത്തിലെയടക്കം പല ഉദേ്യാഗസ്ഥരും രാഷ്ട്രീയനേതാക്കളും പങ്കെടുത്തതായി വിവരമുണ്ട്. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിക്കന്നുണ്ട്.
Next Story

RELATED STORIES

Share it