thrissur local

മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗ ബാധിതര്‍ കൂടുതലുള്ളത് ജില്ലയിലെന്ന്

തൃശൂര്‍: മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗ ബാധിതര്‍ സംസ്ഥാനത്ത് ഏറ്റവുമധികം തൃശൂര്‍ ജില്ലയിലാണെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ കരള്‍ രോഗ വിദഗ്ധന്‍ ഡോ. വൈ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ലോക കരള്‍ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ് ക്ലബും ബാനര്‍ജി ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരള്‍ രോഗ നിര്‍ണ്ണയ ക്യാംപിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളിലാണ് ഇത്തരം രോഗം കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തില്‍ ചികില്‍സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാം. ശരിയായ ചികില്‍സ തക്കസമയത്ത് ലഭിക്കാതിരുന്നാ ല്‍ മറ്റു കരള്‍ രോഗങ്ങളെ പോലെ ലിവര്‍ സിറോസിസിലേക്കും കരള്‍ കാന്‍സറിലേക്കും അത് മാറും. ഒറ്റമൂലിയടക്കമുള്ള അശാസ്ത്രീയ ചികില്‍സകളെ ആശ്രയിക്കുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നും ഡോ. പ്രവീണ്‍ പറഞ്ഞു. ജന്മനാലും പാരമ്പര്യവുമായ കാരണങ്ങളാലും ജനിതക തകരാര്‍ മൂലവും രോഗമുണ്ടാവും. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലമുള്ള മഞ്ഞപ്പിത്തങ്ങളും സിറോസിസിലേക്കും കരള്‍ കാന്‍സറിലേക്കും എത്തും. ഗര്‍ഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി അമ്മമാരില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേയ്ക്ക് പകരില്ലെന്നത് തെറ്റിദ്ധാരണയാണ്.
വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെ ജിമ്മുകളില്‍ വ്യായാമം ചെയ്യുന്നവര്‍ക്കും നീന്തല്‍ കുളങ്ങളില്‍ നീന്തുന്നവര്‍ക്കും ഇത് പടരുന്നുണ്ട്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ജിമ്മുകളില്‍ നിന്ന് ഈ രോഗം പകര്‍ന്ന അഞ്ച് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. പ്രവീണ്‍കുമാര്‍പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. ബാനര്‍ജി ക്ലബ് പ്രസിഡന്റ് ജോസ് ആലുക്ക അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് പ്രവീണ്‍കുമാറിനെ പരിചയപ്പെടുത്തി. പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത, ബാനര്‍ജി ക്ലബ് സെക്രട്ടറി ഇഗ്‌നി മാത്യൂ സംസാരിച്ചു.
Next Story

RELATED STORIES

Share it