മദ്യം വ്യാപകമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക: എസ്ഡിപിഐ

ആലുവ: സംസ്ഥാനത്ത് മദ്യം സുലഭമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നും മദ്യത്തിന്റെ ലഭ്യത കുറച്ച് കൊണ്ടുവരുന്ന തരത്തില്‍ മദ്യനയം പൊളിച്ചെഴുതണമെന്നും എസ്ഡിപിഐ പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018-19ല്‍ നടപ്പാക്കുന്ന മദ്യ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് മദ്യം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളും ടൂറിസം മേഖലകളും നഗര പ്രദേശമായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാനുള്ള അനുമതിയാണ് ഏപ്രില്‍ 2ന് നിലവില്‍ വരുന്ന മദ്യ നയത്തിലൂടെ ലഭ്യമാവുന്നത്. മദ്യ ശാലകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം ഏടുത്തു മാറ്റിയതും ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി മദ്യശാലകള്‍ക്ക് ഉണ്ടായിരിക്കേണ്ട ദൂരപരിധി കുറച്ചതും മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് സമിതി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍ സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയ് അറക്കല്‍, കെ കെ റൈഹാനത്ത്, പി ആര്‍ കൃഷ്ണന്‍കുട്ടി, ജ്യോതിഷ് പെരുമ്പുളിക്കല്‍, വനജ ഭാരതി സംസാരിച്ചു.
Next Story

RELATED STORIES

Share it