മത്തി കുറയുന്നതിനു കാരണം അശാസ്ത്രീയ മീന്‍പിടിത്തം

കൊച്ചി: തീരക്കടലിലെ മത്തിയുടെ ലഭ്യത കുറയുമ്പോള്‍  കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പു കൂടുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ മല്‍സ്യബന്ധന രംഗത്തെന്ന് കേരള മത്സ്യബന്ധന സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍. കുഫോസില്‍ ദേശീയ മല്‍സ്യകര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് കാലങ്ങളായി ലഭിക്കുന്ന പ്രധാന മല്‍സ്യം തീരക്കടലിലെ ഉപരിജലത്തില്‍ വസിക്കുന്ന മത്തിയാണ്. ഇതേ ആവാസ വ്യവസ്ഥയിലുള്ള അയലയും നത്തോലിയുമാണ് നമുക്ക് കിട്ടുന്ന മറ്റ് പ്രധാന മല്‍സ്യങ്ങള്‍. എന്നാല്‍ ഈ മല്‍സ്യങ്ങളുടെ ലഭ്യത കേരള തീരത്ത് ഭയാനകമായി കുറഞ്ഞുവരികയാണ്. ഇതിനു കാരണം ആവാസവ്യവസ്ഥയ്ക്ക് നിരക്കാത്ത മല്‍സ്യബന്ധന രീതിയാണ്. വളര്‍ച്ചയെത്തിയ മല്‍സ്യങ്ങളെ പിടിക്കുന്ന ടാര്‍ജറ്റഡ് ഫിഷിങിന് പകരം ചെറിയ മത്തി, അയല കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തൂത്തുവാരുന്ന വലകള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധന രീതിയാണ് കേരളത്തിലേത്.
ഓരോ ഇനം വലകള്‍ക്കും വലക്കണ്ണികളുടെ വലിപ്പം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്ങിലും നിബന്ധനകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ഡോ. രാമചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ കടലിലെ മല്‍സ്യലഭ്യത കുറഞ്ഞപ്പോഴാണ് മലയാളികള്‍ മല്‍സ്യം വളര്‍ത്തുന്ന അക്വാകള്‍ച്ചറിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ കേരളത്തിലെ അക്വാകള്‍ച്ചര്‍ രംഗം ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീക്ഷണി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത തരത്തിലുള്ള കൃഷിരീതികളാണ്. കടലില്‍ സംഭവിച്ച തെറ്റ്, ഉള്‍നാടന്‍ ജലാശയങ്ങളിലും ആവര്‍ത്തിക്കുകയാണ്. ഇതിന് പകരം ശാസ്ത്രീയമായ സുസ്ഥിര മല്‍സ്യകൃഷി രീതികള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി കെ സുഗുണന്‍ ജലസംഭരണികളിലെ സംഘകൃഷിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുഫോസ് എമിനന്‍സ് പ്രഫസര്‍ ഡോ. കെ ഗോപകുമാര്‍, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി വി ശങ്കര്‍, എക്‌സ്‌റ്റെന്‍ഷന്‍ ഡയറക്ടര്‍ ഡോ. ഡെയ്‌സി സി കാപ്പന്‍, അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. കെ ദിനേഷ് സംസാരിച്ചു. മല്‍സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ ശുദ്ധജല മല്‍സ്യകൃഷിയില്‍ നാല് ദിവസത്തെ പരിശീലന പരിപാടിയും കുഫോസില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 70 മല്‍സ്യകര്‍ഷകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it