മതരഹിതരെന്ന് രേഖപ്പെടുത്തിയത് 1,234 വിദ്യാര്‍ഥികള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതരഹിതരെന്ന് രേഖപ്പെടുത്തിയ വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് വിവാദമായതിനു പിന്നാലെ പുതിയ കണക്കുമായി സര്‍ക്കാര്‍.
ജാതിയും മതവും ഇല്ലാത്തവരായി 1,234 വിദ്യാര്‍ഥികള്‍ മാത്രമേ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നുള്ളൂവെന്ന് ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന വെബ്‌സൈറ്റിലെ വിവരങ്ങളാണ് നിയമസഭയില്‍ വ്യക്തമാക്കിയതെന്നും പുതുക്കിയ കണക്ക് നാളെ സഭയില്‍ അവതരിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പുതിയ കണക്കുപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതേതരരെന്ന് രേഖപ്പെടുത്തിയത് 748 പേരാണ്. മതം പരിഗണിക്കുന്നില്ലെന്ന് രേഖപ്പെടുത്തിയവര്‍ 486 പേരും. ആകെ 1,234 പേരാണ് മതം ഒഴിവാക്കുന്നതായി രേഖപ്പെടുത്തിയത്. മതം രേഖപ്പെടുത്തുകയും എന്നാല്‍ ജാതി രേഖപ്പെടുത്താതിരിക്കുകയും ചെയ്തത് 1,19,865 പേരാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരില്‍ പലരും ജാതി രേഖപ്പെടുത്താറില്ല. ഈ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ജാതിമതരഹിതരെന്ന ഗണത്തില്‍പ്പെടുത്തി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വച്ചത്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ആശ്രയിച്ചാണ് മതജാതിരഹിതരുടെ കണക്കുകള്‍ സഭയില്‍ അവതരിപ്പിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം.
എന്നാല്‍, ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പുറത്തുവിട്ട കണക്കുകളില്‍ നിന്നും കുട്ടികളുടെ എണ്ണത്തിലെ പിഴവ് സോഫ്റ്റ്‌വെയറിലെ പ്രശ്‌നമല്ലെന്നു വ്യക്തമാവുകയാണ്. സമ്പൂര്‍ണ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് അന്‍വര്‍ സാദത്ത്. കണക്കിലെ പിഴവ് പരിശോധിക്കാന്‍ ഡിപിഐയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സഭയില്‍ അവതരിപ്പിക്കാനുള്ള പുതുക്കിയ കണക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതായാണ് വിവരം.
അതിനിടെ, നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് വിദ്യാഭ്യാസ മന്ത്രിക്കെതിരേ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
Next Story

RELATED STORIES

Share it