മതപരിവര്‍ത്തനത്തിന് കലക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും അംഗീകാരം നിര്‍ബന്ധം: രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: മതപരിവര്‍ത്തനത്തിന് കലക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും അംഗീകാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹശേഷം ഇസ്‌ലാംമതം സ്വീകരിച്ച പായല്‍ എന്ന അരീഫയുടെ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മകള്‍ ലൗ ജിഹാദിന്റെ ഇരയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നും കാണിച്ച് പായലിന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, പെണ്‍കുട്ടിയെ കോടതി കാമുകനൊപ്പം പോവാന്‍ അനുവദിച്ചു. ശേഷമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. മതപരിവര്‍ത്തനം നടത്തുന്നതിന് കലക്ടര്‍, എസ്ഡിഎം, എസ്ഡിഒ എന്നിവരുടെ ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന് കോടതി ഉത്തരവിട്ടു. മതപരിവര്‍ത്തനം നടത്തുന്നവര്‍ പേരു വിവരങ്ങളും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖാമൂലം കലക്ടറെ അറിയിക്കണം. ഇത് കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കും. കലക്ടര്‍ക്ക് അപേക്ഷ നല്‍കി 21 ദിവസത്തിനു ശേഷം ജില്ലാ മജിസ്‌ട്രേറ്റ്, എസ്ഡിഎം, എസ്ഡിഒ എന്നിവര്‍ക്കു മുമ്പാകെ ഹാജരായി മതപരിവര്‍ത്തനത്തിനുള്ള കാരണമടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കണം. മതപരിവര്‍ത്തനത്തിനുള്ള എതിര്‍പ്പും ഈ അവസരത്തില്‍ വ്യക്തമാക്കാവുന്നതാണ്. മതപരിവര്‍ത്തനം നടത്തുന്ന വ്യക്തി ചേരാനുദ്ദേശിക്കുന്ന മതത്തിലുള്ള വിശ്വാസം ഡിഎം, എസ്ഡിഎം, എസ്ഡിഒ എന്നിവര്‍ക്കു മുമ്പാകെ തെളിയിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. ഈ ചട്ടങ്ങള്‍ പ്രകാരമല്ല മതപരിവര്‍ത്തനം നടന്നതെങ്കില്‍ അതിനു ശേഷമുള്ള വിവാഹത്തിനും നിയമസാധുതയുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it