മതധ്രുവീകരണത്തിലൂടെ വര്‍ഗീയ മുതലെടുപ്പിന് ബിജെപി ശ്രമം: എസ്ഡിപിഐ

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം നിയമാനുസൃതമാക്കിയ സുപ്രിംകോടതി വിധിയുടെ മറവില്‍ മതധ്രുവീകരണത്തിനും വര്‍ഗീയ മുതലെടുപ്പിനും ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
ശബരിമലയില്‍ ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ ജാതി തിരിച്ച് ആക്ഷേപിക്കുന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പരാമര്‍ശങ്ങള്‍ അത്യന്തം അപകടകരമാണ്.
യുവതികളെ സന്നിധാനത്തില്‍ എത്തിക്കാന്‍ സംരക്ഷണമൊരുക്കിയത് എസ്ഡിപിഐക്കാരായ പോലിസുകാരാണെന്നാണ് പിള്ളയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ സമരക്കാരെ നേരിട്ടത് ക്രിസ്ത്യാനികളായ പോലിസുകാരാണെന്ന് പിള്ള ആരോപിച്ചിരുന്നു. കൂടാതെ വിശ്വാസികളായ പോലിസുകാര്‍ ഉണരണമെന്നുമാണ് പിള്ളയുടെ ആഹ്വാനം. പോലിസ് സേനയെ വര്‍ഗീയമായി വിഭജിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനും അതിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമാണ് ബിജെപി ശ്രമിക്കുന്നത്.
യുവതികളിലൊരാള്‍ ബിജെപി നേതാവ് കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ച് പല തവണ കൂടിക്കാഴ്ച നടത്തിയ ആളാണെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴയ്ക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ബിജെപി നീക്കം തിരിച്ചറിയണമെന്നും പോലിസ് സേനയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീധരന്‍പിള്ളയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it