'മണ്‍സൂണ്‍ മിന്നലു'മായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 84 ഓഫിസുകളിലാണ് പരിശോധന നടന്നത്. മിക്ക വില്ലേജ് ഓഫിസുകളിലും സേവനാവകാശ നിയമം ലംഘിക്കുന്നുവെന്ന പരാതി രജിസ്റ്ററില്‍ രേഖപ്പെടുത്താതെ 1,600 ഓളം അപേക്ഷകള്‍ നിലവിലുള്ളതായി വിജിലന്‍സ് കണ്ടെത്തി. ചില വില്ലേജ് ഓഫിസുകളില്‍ അപേക്ഷയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ രേഖപ്പെടുത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തിയതായും സംഘം കണ്ടെത്തി.
ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ പതിച്ച 300 ഓളം എന്‍ഒസി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലഭിച്ച അപേക്ഷകളും പോക്ക് വരവിനായി ലഭിച്ച 250 ഓളം അപേക്ഷകളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി ലഭിച്ച 700 ഓളം അപേക്ഷകളും സേവനാവകാശ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും തീര്‍പ്പ് കല്‍പിക്കാതെ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.
സേവനാവകാശ നിയമപ്രകാരം പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡുകള്‍ ഒട്ടുമിക്ക വില്ലേജ് ഓഫിസുകളിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ കരുളായി”വില്ലേജ് ഓഫിസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് സംഘത്തെ കണ്ട് പഴ്—സ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിജിലന്‍സ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ കണക്കില്‍ പെടാത്ത 7,450 രൂപ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലയിലെ കൂടല്‍ വില്ലേജ് ഓഫിസില്‍ നിന്നു കണക്കില്‍ പെടാത്ത 10,100 രൂപയും കണ്ടെത്തി. കൂടാതെ വിജിലന്‍സ് പരിശോധന നടത്തിയ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, ഹാജര്‍ ബുക്ക് എന്നിവ കൃത്യമായി പരിപാലിക്കപ്പെടാത്തതായും വിജിലന്‍സ് കണ്ടെത്തി.
അതേസമയം മാതൃകാ വില്ലേജ് ഓഫിസായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ കരകുളം വില്ലേജ് ഓഫിസ് പരിശോധനാ സംഘത്തിന്റെ പ്രശംസ പിടിച്ചുപറ്റി. തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 10 വീതവും പാലക്കാട് ജില്ലയില്‍ 9ഉം കൊല്ലം, ആലപ്പുഴ, കോട്ടയം ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ 5 വീതവും വയനാട് ജില്ലയില്‍ 6ഉം തൃശൂര്‍ ജില്ലയില്‍ 4 വില്ലേജ് ഓഫിസുകളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ ചുമതല ഏറ്റ ശേഷം സംസ്ഥാനത്തു വ്യാപകമായി നടത്തുന്ന ആദ്യ മിന്നല്‍പ്പരിശോധനയാണിത്.
Next Story

RELATED STORIES

Share it